ദേശീയ ബോക്സിങ് താരത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം
ഉത്തർപ്രദേശ് :ഉത്തർപ്രദേശിൽ ദേശീയതല ബോക്സിങ് താരമായ 24കാരി മൻസയെ മരിച്ച നിലയിൽ കണ്ടെത്തി. കാൺപുർ-പ്രയാഗ്രാജ് ദേശീയപാതയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ഉന്നാവോ സ്വദേശിനിയായ മൻസയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നവംബർ അഞ്ചിന് ഉച്ചയ്ക്ക് വിവാഹാവശ്യങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞാണ് മൻസ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീട്ടിൽനിന്ന് ഏകദേശം 40 മുതൽ 50 കിലോമീറ്റർ അകലെ മൃതദേഹം കണ്ടെത്തിയത്.
മൻസയുടെ മരണത്തിൽ മകളുടെ ഒരു സുഹൃത്തിന് പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ദേശീയതലത്തിൽ സ്വർണമെഡൽ നേടിയ താരമായിരുന്നു മൻസയെന്നും കായികരംഗത്ത് കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിച്ച് സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
.jpg)

