സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം; ആവശ്യവുമായി അഭിജീത് ദീപ്കെ
മതനിരപേക്ഷ കൂട്ടായ്മയായി തുടരാനാണ് സിജെപി തീരുമാനം
ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണമെന്ന ആവശ്യവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അഭിജീത് ദീപ്കെ വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം മതനിരപേക്ഷ കൂട്ടായ്മയായി തുടരാനാണ് സിജെപി തീരുമാനം. സംഘടന വിപൂലീകരിക്കാനും അതിനായി സിജെപിയുടെ വെബ്‌സൈറ്റ് വഴി അംഗത്വം എടുക്കാനുള്ള QR കോഡും പങ്ക് വെച്ചിട്ടുണ്ട്. സിജെപി ഫണ്ട് ശേഖരണം നടത്തില്ലെന്നും വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ മുതല്‍ രാജ്യവ്യാപക പര്യടനം നടത്താനും സിജെപി തീരുമാനിച്ചിട്ടുണ്ട്. 'ക്യാ ബോല്‍ത്തി പബ്ലിക്' എന്ന പേരിലാണ് രാജ്യവ്യാപക ക്യാംപെയ്ന്‍ സംഘടിപ്പിക്കുക. രാജ്യത്തെ എല്ലാ കൂട്ടായ്മകളെയും ഒപ്പം ചേര്‍ക്കുമെന്നും സിജെപി വ്യക്തമാക്കി. അഭിജീത് ദീപ്‌കെയെ സിജെപിയുടെ നാഷണല്‍ കണ്‍വീനറായും സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ കോ-കണ്‍വീനര്‍മാരായും നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് അഞ്ച് സോണുകളായി പ്രവര്‍ത്തിക്കുമെന്നും എല്ലാ സോണുകളിലും കണ്‍വീനര്‍മാര്‍ ഉണ്ടാകുമെന്നും സിജെപി വ്യക്തമാക്കി.
സ്‌കൂള്‍ ഫീസ് താങ്ങാനാവുന്നതിലും ഉയരുകയാണെന്നും കോച്ചിംഗ് സെന്ററുകള്‍ ലാഭത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും സിജെപി കുറ്റപ്പെടുത്തി. 'വിദ്യാഭ്യാസം പണം ഉണ്ടാക്കാനുള്ള മാര്‍ഗമായി മാറുന്നു. രാജ്യത്ത് 94000 സ്‌കൂളുകള്‍ അടച്ചുപൂട്ടി. സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല. വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിനൊരു മാറ്റം വേണം. വിദ്യാഭ്യാസ രംഗത്തെ മാറ്റമാണ് സംഘടനയുടെ പ്രഥമ ലക്ഷ്യ'മെന്നും സിജെപി വ്യക്തമാക്കി. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശം ആണ്, കച്ചവടം അല്ലെന്നും സിജെപി കൂട്ടിച്ചേര്‍ത്തു.
.jpg)

