അയോധ്യ സംഭാവനക്കൊള്ളയില്‍ പ്രധാനമന്ത്രി മറുപടി പറയണം; രാമനില്‍ വിശ്വസിക്കുന്ന സാധാരണക്കാര്‍ ആശങ്കാകുലരാണെന്ന് ഖാര്‍ഗെ

mallikarjun kharge

ആഭരണങ്ങള്‍, വെള്ളി, സ്വര്‍ണം, പണം, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണത്തില്‍ തീര്‍ത്ത രാമചരിതമാനസം പുസ്തകം എന്നിവയെല്ലാം കാണാതായെന്നാണ് ആരോപണം.

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നേരിട്ടെത്തി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രതിപക്ഷം ഈ വിഷയം സഭയില്‍ ഉന്നയിക്കുന്നത്. ക്ഷേത്രത്തിനകത്തുണ്ടായിരുന്ന ആഭരണങ്ങള്‍, വെള്ളി, സ്വര്‍ണം, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷണം പോയെന്ന ഗുരുതരമായ വിഷയമാണ് തങ്ങള്‍ ഉന്നയിക്കുന്നതെന്നും ഖാര്‍ഗെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.


'ക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിന് ട്രസ്റ്റിനെ നിയമിച്ചത് ആരാണ്? നമ്മുടെ പ്രധാനമന്ത്രി. ആരാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്? അത് അദ്ദേഹം. ആരാണ് പൂജകള്‍ക്ക് തുടക്കമിട്ടത്? അതും അദ്ദേഹം. രാമക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തിയത് ആരാണ്? അതും അദ്ദേഹം തന്നെ. ട്രസ്റ്റ് അംഗങ്ങളെ തിരഞ്ഞെടുത്തതും അദ്ദേഹം. എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രിയായതുകൊണ്ട്, അദ്ദേഹം തന്നെ സഭയില്‍ വന്ന് മറുപടി നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം'- ഖാര്‍ഗെ വ്യക്തമാക്കി.

ആഭരണങ്ങള്‍, വെള്ളി, സ്വര്‍ണം, പണം, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണത്തില്‍ തീര്‍ത്ത രാമചരിതമാനസം പുസ്തകം എന്നിവയെല്ലാം കാണാതായെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണം. രാമക്ഷേത്രത്തിലും ശ്രീരാമനിലും വിശ്വസിക്കുന്ന സാധാരണ ജനങ്ങള്‍ ഈ ആരോപണങ്ങളില്‍ ആശങ്കാകുലരാണ്. ഇത് അവരുടെ മതവികാരത്തെ വ്രണപ്പെടുത്തി. ഈ വിഷയത്തില്‍ പ്രതിപക്ഷം ഇടപെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ഈ വിഷയം ഏറ്റെടുത്തതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Tags