ട്രെയിൻ വരുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശനം ; സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നീക്കവുമായി റെയിൽവേ

train
train

ഡൽഹി : റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം. ഉത്സവ സീസണുകളിലെ തിക്കും തിരക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തവും പരിഗണിച്ചാണ് നടപടി. രാജ്യത്തുടനീളമുള്ള 60 റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പിലാക്കുക. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.

പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി, ഈ 60 സ്റ്റേഷനുകൾക്ക് പുറത്ത് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. ട്രെയിൻ എത്തുമ്പോൾ മാത്രമേ യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാൻ അനുവദിക്കൂ. ദില്ലി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന സ്റ്റേഷനുകളിൽ ഇതിനകം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

60 സ്റ്റേഷനുകളിൽ പൂർണ്ണമായ ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ കണ്‍ഫേം ആയ യാത്രക്കാരെ മാത്രമേ കടത്തിവിടൂ. കൂടാതെ എല്ലാ സ്റ്റേഷനുകളിലും റെയിൽവേ പുതിയ ഫുട് ഓവർബ്രിഡ്ജുകൾ സ്ഥാപിക്കും. ഈ പാലങ്ങൾ 12 മീറ്റർ വീതിയുള്ളതായിരിക്കും. യാത്രക്കാർക്കായി റാമ്പുകളും ഉണ്ടായിരിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലും കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം വർദ്ധിപ്പിക്കാനും തീരുമാനമായി.

Tags