ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസം ; ഇനി ഫിസിക്കൽ ബോർഡിങ് പാസ് ആവശ്യമില്ല ; പുതിയ നിയമവുമായി കേന്ദ്രം
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എമിഗ്രേഷൻ ബ്യൂറോ. വരുന്ന സെപ്റ്റംബർ 1 മുതൽ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ ഫിസിക്കൽ ബോർഡിങ് പാസുകളോ അവയിൽ എമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിക്കുന്നതോ ആയ നിർബന്ധിത രീതി പൂർണമായും ഒഴിവാക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.
ഇതുവരെ യാത്രക്കാർ വിമാനത്താവളങ്ങളിൽ ഫിസിക്കൽ ബോർഡിങ് പാസ് ഹാജരാക്കുകയും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അതിൽ സ്റ്റാമ്പ് പതിക്കുകയും ചെയ്യേണ്ടത് നിർബന്ധമായിരുന്നു. എന്നാൽ ഈ രീതി യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും സ്റ്റാമ്പ് പതിക്കുന്നതിലെ അപാകതകൾ കാരണം ബോർഡിങ് പാസുകൾ റീഡ് ചെയ്യുന്നതിൽ പലപ്പോഴും തടസ്സങ്ങൾ ഉണ്ടാകാറുണ്ടെന്നും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വിലയിരുത്തി. ഈ പശ്ചാത്തലത്തിലാണ് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം യാത്രക്കാർക്ക് ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഫിസിക്കൽ ബോർഡിങ് പാസുകൾക്ക് പകരം ഇ-ബോർഡിങ് പാസുകൾ ഉപയോഗിക്കാം. അതേസമയം യാത്രക്കാർ ഫിസിക്കൽ ബോർഡിങ് പാസാണ് കയ്യിൽ കരുതുന്നതെങ്കിൽ അത് സ്വീകരിക്കുമെങ്കിലും അവയിൽ ഇനി മുതൽ സ്റ്റാമ്പ് പതിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 1 മുതൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഈ പുതിയ മാറ്റം നടപ്പിലാക്കാൻ എയർപോർട്ട് അധികൃതർക്കും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
.jpg)

