ഫോൺ ചോർത്തൽ ആരോപണം; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്ത്. രാഹുൽ ഗാന്ധിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജെപി വ്യക്തമാക്കി.ഓരോ ദിവസവും നുണയോ വ്യാജ വാർത്തയോ പ്രചരിപ്പിക്കാതെ രാഹുൽ ഗാന്ധിക്ക് ജീവിക്കാൻ സാധിക്കില്ലെന്ന് ബിജെപി വക്താവ് തുഹിൻ സിൻഹ ആരോപിച്ചു. രാഹുലിന്റെ ഫോൺ ചോർത്താൻ ആർക്കും താല്പര്യമില്ലെന്ന് കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചു. എന്തിലെങ്കിലും താല്പര്യമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ തലച്ചോറ് ഓരോ ദിവസവും നുണകളെ മാത്രം ആശ്രയിച്ച് പ്രവർത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ വേണ്ടിയായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
ഇൻസ്റ്റഗ്രാമിലെ 'ആസ്ക് മി' സെഷനിലും എക്സിൽ പങ്കുവെച്ച വീഡിയോയിലുമാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. മോദിക്കെതിരെയുള്ള ആരോപണങ്ങൾക്കുള്ള തെളിവുകൾ തന്റെ ഫോണിലുണ്ടെന്നും, പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതിനാൽ അദ്ദേഹത്തിന് ഇക്കാര്യങ്ങൾ അറിയാമെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നേരിട്ട് സംവാദത്തിന് തയ്യാറാകുന്ന ദിവസം ആരാണ് ദേശഭക്തരെന്നും ആരാണ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും എല്ലാവർക്കും മനസ്സിലാകുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചിരുന്നു.
.jpg)

