‘പെട്രോൾ-ഡീസൽ വില അടുത്ത ദിവസം തന്നെ കുറയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്, പക്ഷേ നടക്കില്ല’ : സുരേഷ് ഗോപി

Police will go anywhere; Suresh Gopi says he will give full support to the Chief Minister as a Union Minister

 ചെന്നൈ: പെട്രോൾ-ഡീസൽ വില അടുത്ത ദിവസം തന്നെ കുറയണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാൽ നടക്കി​​ല്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. വിലകുറക്കൽ സാങ്കേതികമായി ഉടൻ സാധ്യമല്ല. എണ്ണക്കമ്പനികൾക്ക് ഇതിനകം 42,000 കോടി രൂപയുടെ നഷ്ടമുണ്ട്. ഇത് നികത്താതെ ഇന്ധനവിലയിൽ അടിയന്തരമായി കുറവ് വരുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണത്തിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ഇന്ധനവില കുറയ്ക്കുന്നതിന് മുമ്പ് എണ്ണക്കമ്പനികളുടെ സാമ്പത്തികസ്ഥിതി കൂടി പരിഗണിക്കണം. കമ്പനികൾക്കുണ്ടായ നഷ്ടം കണക്കിലെടുക്കാതെ വിലയിൽ പെട്ടെന്ന് മാറ്റം വരുത്താനാവില്ല. വേണമെങ്കിൽ സംസ്ഥാന സർക്കാറുകൾക്ക് പെട്രോൾ നികുതി കുറയ്ക്കാൻ അധികാരമുണ്ടെന്നും അങ്ങനെ വില കുറക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലും കർണാടകയിലും ഇന്ധനവില കൂടുതലാണ്. തമിഴ്നാട്ടിൽ എത്രത്തോളം വിലവർധനയുണ്ടെന്ന് അറിയില്ല. കേരളത്തിലും കർണാടകയിലും വില കൂടിയിട്ടുണ്ട്. പെട്രോളിയം ഉൽപന്നങ്ങളുടെ വിതരണത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് പരിഹരിക്കാനും വിതരണം സാധാരണ നിലയിലാക്കാനും ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോളിൽ എഥനോൾ കലർത്തുന്നതിന് ശാസ്ത്രീയ പിന്തുണയുണ്ടെന്നും ഭാവിയിൽ ഇതിന്റെ അളവ് വർധിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. കർണാടകയിൽ പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനാണ് അംഗീകാരം നൽകിയിട്ടുള്ളതെന്നും ശാസ്ത്രീയ സാധ്യതകൾ പരിശോധിച്ചശേഷം ഘട്ടംഘട്ടമായി അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെയും കേരളത്തിലെയും സർക്കാറുകൾക്ക് ഇക്കാര്യത്തിൽ പരിശോധന നടത്താം. അതിൽ ആശങ്കപ്പെടേണ്ടതില്ല. ശാസ്ത്രീയമായ പഠനങ്ങളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തിലായിരിക്കും എഥനോൾ മിശ്രിതത്തിന്റെ അളവ് കൂട്ടുകയെന്നും മന്ത്രി പറഞ്ഞു.

കർണാടകയിലെ ഏഴ് ജില്ലകളിൽനിന്ന് സംസ്ഥാന സർക്കാർ ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ അനുവദനീയമായ 20 ശതമാനത്തേക്കാൾ കൂടുതൽ എഥനോൾ കണ്ടെത്തിയെന്ന റിപ്പോർട്ടാണ് വിവാദത്തിന് വഴിവെച്ചത്. ചില പെട്രോൾ പമ്പുകളിൽനിന്നുള്ള സാമ്പിളുകളിൽ എഥനോളിന്റെ അളവ് 30 ശതമാനത്തിലധികമാണെന്നായിരുന്നു കണ്ടെത്തൽ. ഇതോടെ ഇ20 ഇന്ധനത്തിന്റെ ഗുണനിലവാരവും വാഹനങ്ങളിലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളും സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. എന്നാൽ, സാമ്പിളുകൾ ശേഖരിച്ചതിലും പരിശോധന നടത്തിയതിലും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇതുസംബന്ധിച്ച് വിശദമായ മറുപടി നൽകുമെന്നും കർണാടക സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് അറിയിച്ചിരുന്നു. 

Tags