'രാമായണ' സിനിമയ്ക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കില്ല; എതിർപ്പുള്ളവർ സ്വന്തമായി സിനിമയെടുക്കൂ എന്ന് സുപ്രീം കോടതി
ന്യൂഡൽഹി: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ അടുത്തിടെ പുറത്തിറങ്ങി ആഗോള ബോക്സ് ഓഫീസിൽ നിന്ന് 1,777 കോടി രൂപ കളക്ഷൻ നേടിയ 'രാമായണ' എന്ന ചിത്രത്തിന്റെ പ്രദർശനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിഷയം പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കിയ കോടതി, സിനിമയോട് ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ അവർക്ക് അവരുടേതായ ചിത്രം നിർമിക്കാമെന്നും കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണെന്നും കാണാൻ ആഗ്രഹിച്ചവരെല്ലാം സിനിമ കണ്ടുകഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു. ചിത്രത്തിൽ വസ്തുതകൾ വളച്ചൊടിച്ചുവെന്നാണ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. "അവർക്ക് മനസ്സിലായ രീതിയിൽ അവർ സിനിമയെടുത്തു. നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ നിങ്ങൾ സിനിമയെടുക്കൂ. വെറുതെ കോടതിയുടെ സമയം കളയരുത്," എന്ന് ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി വ്യക്തമാക്കി.
.jpg)

