പെൻഷൻ വർദ്ധനയും ‘ഇല്ലത്തരസി’ യും ലാപ്‌ടോപ്പും ; തമിഴ്‌നാട്ടിൽ വൻ വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടനപത്രിക

Political controversy spills over into the literary field..? Stalin announces his own national awards

 തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ ജനക്ഷേമ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പത്രിക പ്രകാശനം ചെയ്തത്. സാധാരണയായി ഡിഎംകെയുടെ പ്രകടനപത്രിക ‘ഹീറോ’ ആണെങ്കിൽ ഇക്കുറി അത് ‘സൂപ്പർ സ്റ്റാർ’ ആണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു. സ്ത്രീകളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് പത്രികയുടെ പ്രധാന ആകർഷണം.

കുടുംബനാഥകളായ സ്ത്രീകൾക്ക് നിലവിൽ നൽകുന്ന പ്രതിമാസ ധനസഹായം ആയിരം രൂപയിൽ നിന്ന് രണ്ടായിരമായി വർദ്ധിപ്പിക്കുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. കൂടാതെ, സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ നീട്ടാനും ഡിഎംകെ ലക്ഷ്യമിടുന്നു. ഉപരിപഠനം നടത്തുന്ന 35 ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പ് നൽകുമെന്ന പ്രഖ്യാപനവും വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തേകുന്നതാണ്.

സ്ത്രീ ശാക്തീകരണത്തിനായി ‘ഇല്ലത്തരസി’ എന്ന പുതിയ പദ്ധതിയും പത്രികയിലുണ്ട്. വീട്ടുപകരണങ്ങൾ വാങ്ങാനായി 8,000 രൂപയുടെ കൂപ്പൺ നൽകുന്നതാണ് ഈ പദ്ധതി. സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകൾക്ക് അഞ്ചു ലക്ഷം രൂപ വരെ സബ്‌സിഡിയോടെ ഈടില്ലാത്ത വായ്പയും വാഗ്ദാനം ചെയ്യുന്നു. വയോധിക പെൻഷൻ 2,000 രൂപയായും ഭിന്നശേഷി പെൻഷൻ 2,500 രൂപയായും വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 2030-ഓടെ എല്ലാ ജില്ലകളിലും ‘നിയോ ടൈഡൽ പാർക്കുകൾ’ സ്ഥാപിക്കുമെന്ന് ഡിഎംകെ ഉറപ്പുനൽകുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സഹായകരമാകുന്ന രീതിയിൽ ആയിരം ശിശുപരിപാലന കേന്ദ്രങ്ങൾ (Creches) ആരംഭിക്കുമെന്നും പത്രികയിലുണ്ട്. ആരോഗ്യമേഖലയിൽ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനവും ജനങ്ങൾക്ക് വലിയ ആശ്വാസമാകും.

Tags