'നരേന്ദ്രമോദിയെ പ്രീതിപ്പെടുത്താൻ വേണ്ടി ജനങ്ങളോട് ഇത്തരം നുണകൾ പറയുന്നത് നിർത്തിക്കൂടേ' : പവൻ കല്യാണിനെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ്
അമരാവതി: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ടുള്ള ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ സമൂഹമാധ്യമ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രീതിപ്പെടുത്താൻ വേണ്ടി ജനങ്ങളോട് ഇത്തരം നുണകൾ പറയുന്നത് നിർത്താൻ പവൻ കല്യാണിനോട് ആവശ്യപ്പെട്ട പ്രകാശ് രാജ്, കേന്ദ്രത്തിന്റെ നീക്കം ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ദുർബലപ്പെടുത്തുമെന്നും പറഞ്ഞു. കൂടാതെ വിഷയത്തിൽ പവൻ കല്യാണിനെ സംവാദത്തിനും പ്രകാശ് രാജ് ക്ഷണിച്ചു.
‘മോദിയെ പ്രീതിപ്പെടുത്താനായി ജനങ്ങളോട് ഇമ്മാതിരി നുണകൾ പറയുന്നത് നിർത്തൂ. വനിതാ സംവരണ ബിൽ 2023ൽ തന്നെ അംഗീകരിച്ചു. അത് ഇപ്പോഴും പാസാക്കാം. എന്നാൽ ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ ദുർബലപ്പെടുത്തുന്ന ഡീലിമിറ്റേഷൻ ബിൽ പാസാക്കാനാണ് നിങ്ങളുടെ സംഘം ആഗ്രഹിച്ചത്. നിങ്ങളെ ഉപമുഖ്യമന്ത്രിയാക്കിയ ആന്ധ്രയിലെ ജനങ്ങളുടെ ആത്മാഭിമാനവും സംസ്ഥാനത്തിന്റെ അവകാശങ്ങളും വിറ്റ് കാശാക്കരുതെന്ന് അഭ്യർഥിക്കുന്നു. വിശദീകരിക്കാൻ നിങ്ങളോട് സംവാദത്തിന് ഞാൻ തയാറാണ്. നിങ്ങൾ തയാറാണോ...’ -പ്രകാശ് രാജ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
.jpg)

