'ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി, മുസ്ലിങ്ങളെ കാണുന്നത് കന്നുകാലികളെപ്പോലെ'; മമതക്കെതിരെ ഒവൈസി

Owaisi

മുസ്ലിം സമുദായത്തെ വെറും വോട്ട് ബാങ്കായി മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാണുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് ഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. മുസ്ലിം വോട്ടുകളെ ഉപയോഗിച്ചു വലിച്ചെറിയുന്ന നയമാണ് അവര്‍ സ്വീകരിക്കുന്നതെന്നും ഒവൈസി ആരോപിച്ചു. ബിജെപിയുടെ 'ബി ടീം' എന്ന ആരോപണം തള്ളിക്കളഞ്ഞ ഒവൈസി, ബിജെപിയുമായി സഖ്യമുണ്ടാക്കി കേന്ദ്രമന്ത്രിസഭയില്‍ അംഗമായ മമതയുടെ ചരിത്രം ഓര്‍മ്മിപ്പിച്ചു. ഗുജറാത്ത് വംശഹത്യയുടെ സമയത്ത് പോലും മമത ബിജെപി പാളയത്തിലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം സമുദായത്തെ വെറും വോട്ട് ബാങ്കായി മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാണുന്നതെന്ന് ഒവൈസി കുറ്റപ്പെടുത്തി. മുസ്ലീങ്ങളെ കന്നുകാലികളെപ്പോലെ പരിഗണിച്ച് വോട്ടിനായി കറന്നെടുത്ത ശേഷം അവഗണിക്കുകയാണ് മമത ചെയ്യുന്നത്. അവര്‍ക്കായി പ്രത്യേക സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 8 ലക്ഷത്തോളം മുസ്ലീങ്ങളെ മുന്‍പ് നാടുകടത്തിയപ്പോള്‍ മൗനം പാലിച്ചവര്‍, ഇപ്പോള്‍ തന്റെ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ എന്തിനാണ് ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ബംഗാളിലെ തൃണമൂല്‍ വിമതന്‍ ഹുമയൂണ്‍ കബീറുമായുള്ള സഖ്യം ഒവൈസി അവസാനിപ്പിച്ചു. മുതിര്‍ന്ന ബിജെപി നേതാക്കളുമായി ഹുമയൂണ്‍ കബീര്‍ ബന്ധം പുലര്‍ത്തുന്നു എന്നാരോപിക്കുന്ന ഒരു ഒളിക്യാമറ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണിത്. ഹുമയൂണ്‍ തന്നെ ചതിച്ചുവെന്നും ഇപ്പോള്‍ തൃണമൂലിനൊപ്പമാണ് നില്‍ക്കുന്നതെന്നും ഒവൈസി പരിഹസിച്ചു. വീഡിയോ കൃത്രിമമാണെന്നാണ് ഹുമയൂണ്‍ കബീറിന്റെ വാദം. ബംഗാളില്‍ ആരുമായും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഒവൈസിയുടെ തീരുമാനം.

Tags