സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നതും സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമായി കാണാനാകില്ലെന്ന് പട്ന ഹൈകോടതി ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Supreme Court directs high courts to pronounce verdict within three months after hearing of cases

 പട്ന: സ്ത്രീകളുടെ വസ്ത്രം അഴിക്കുന്നതും സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമായി കാണാനാകില്ലെന്ന് പട്ന ഹൈകോടതി. ഫോട്ടോഗ്രഫി സ്റ്റുഡിയോയിൽ വെച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയാണ് കോടതിയുടെ വിവാദ നിരീക്ഷണം.

അതേസമയം, വിചാരണക്കോടതി പ്രതിക്ക് നൽകിയ ശിക്ഷ റദ്ദാക്കിയ പട്ന ഹൈകോടതിയുടെ വിധി വലിയ വിവാദമായതിന് സുപ്രീംകോടതി ഇടപെടുകയും കടുത്ത വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇത്തരം വിധികൾ പുറപ്പെടുവിക്കുന്നതിന് മുൻപ് ജഡ്ജിമാർ സമഗ്രമായ ഗവേഷണവും പഠനവും നടത്തണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടുന്ന ബെഞ്ച് വിമർശിച്ചു. ലൈംഗിക അതിക്രമ കേസുകളിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ജഡ്ജിമാർ പാലിക്കുന്നില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

2008 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമർപൂരിലെ 'ഛായ സ്റ്റുഡിയോ'യിൽ അച്ഛനൊപ്പം ഫോട്ടോയെടുക്കാൻ എത്തിയതായിരുന്നു യുവതി. ഫോട്ടോ കമ്പ്യൂട്ടറിൽ കാണിച്ചുതരാം എന്ന് പറഞ്ഞ് അച്ഛനെ പുറത്തുനിർത്തിയ ശേഷം പ്രതി സ്റ്റുഡിയോയുടെ വാതിലടക്കുകയായിരുന്നു. തുടർന്ന് സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ പ്രതി, യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്. യുവതി ബഹളം വെച്ചതിനെ തുടർന്ന് അച്ഛൻ വാതിൽ ബലമായി തുറന്നപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കേസിൽ ബലാത്സംഗ ശ്രമം എന്ന് നിസംശയം തെളിയിക്കാവുന്ന തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഐ.പി.സി 375, 376 വകുപ്പുകൾ പ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.

പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായി അംഗീകരിച്ചാൽ പോലും, ഇത് സ്ത്രീത്വത്തെ അപമാനിക്കൽ എന്ന കുറ്റകൃത്യത്തിന്റെ പരിധിയിൽ മാത്രമേ വരുള്ളൂവെന്ന് ജസ്റ്റിസ് പൂർണേന്ദു സിങ് വ്യക്തമാക്കി. ബാങ്കയിലെ അഡീഷണൽ സെഷൻസ് കോടതി 2013ൽ ശിക്ഷിച്ച ഹിമാൻഷു കുമാർ പഥക് എന്ന പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്. ബലാത്സംഗ ശ്രമത്തിന് മൂന്ന് വർഷം കഠിനതടവും, അന്യായമായി തടങ്കലിൽ വെച്ചതിന് ആറ് മാസം തടവുമാണ് വിചാരണ കോടതി പ്രതിക്ക് വിധിച്ചിരുന്നത്.

യുവതിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തത് സ്ത്രീത്വത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ വിചാരണ വേളയിൽ വിസ്തരിച്ചില്ലെന്നും, മെഡിക്കൽ തെളിവുകൾ ഹാജരാക്കാൻ ഡോക്ടറെ ഹാജരാക്കിയില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ ഉന്നയിച്ച കാര്യങ്ങൾ പൂർണ്ണമായി വിശ്വസിച്ചാൽ പോലും ഇതൊരു ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ വിട്ടയച്ചത്. 

Tags