പാഴ്‌സി സ്ത്രീകളുടെ മതഭ്രഷ്ട് പ്രഥമദൃഷ്ട്യാ വിവേചനം : സുപ്രീംകോടതി
ന്യൂഡൽഹി: മിശ്രവിവാഹം കഴിക്കുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന സമ്പ്രദായം പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീംകോടതി നിരീക്ഷണം . ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്നം പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഭരണഘടനയുടെ 25(1) പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ജന്മംകൊണ്ടുതന്നെ ലഭിക്കുന്നതാണെന്നും വിവാഹം കഴിച്ചതുകൊണ്ട് അതില്ലാതാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
മിശ്രവിവാഹത്തെത്തുടർന്ന് മതഭ്രഷ്ട് നേരിട്ട പാഴ്‌സി സ്ത്രീക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഡാരിയസ് ഖംബാതയാണ് ഈ സമ്പ്രദായത്തിലെ വിവേചനം ചൂണ്ടിക്കാട്ടിയത്. മിശ്രവിവാഹം കഴിച്ച സ്ത്രീകൾക്കുമാത്രമാണ് മതഭ്രഷ്ടുള്ളതെന്നും പുരുഷന്മാർ അങ്ങനെ ചെയ്താൽ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്യമതസ്ഥരെ വിവാഹം കഴിച്ചാൽ സ്ത്രീകൾക്കുമാത്രം ഭ്രഷ്ട് കല്പിക്കുന്നത് വിവേചനമാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയും ചൂണ്ടിക്കാട്ടി.
പാഴ്‌സി സമുദായത്തിലെ ഇത്തരം മതഭ്രഷ്ട് ശരിവെച്ച ബോംബെ ഹൈക്കോടതിയുടെ 1962-ലെ വിധി ചോദ്യംചെയ്യുന്ന ഹർജിയിൽ അഞ്ചംഗബെഞ്ചാണ് വിഷയം ഒൻപതംഗ ബെഞ്ചിനുവിട്ടത്. ശബരിമല യുവതീപ്രവേശം, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങിയ വിഷയങ്ങളിലെയും നിയമപ്രശ്നങ്ങളാണ് ഒൻപതംഗ ബെഞ്ച് പരിശോധിക്കുന്നത്.
.jpg)

