കൊഴുപ്പുകൂട്ടാൻ പാം ഓയിലും ഡിറ്റർജന്റും ; മഹാരാഷ്ട്രയിൽ പിടിച്ചെടുത്തത് 2.3 കോടി ലിറ്റർ വ്യാജപാൽ

Production of milk adulterated with chemicals for five years: Factory shut down in Gujarat, five arrested

 മുംബൈ: മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻകിട വ്യാജപാൽ മാഫിയയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൊലീസും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (FDA) സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ വിപണി മൂല്യമുള്ള കൃത്രിമ പാൽ ഉൽപ്പാദനവും വിതരണവും കണ്ടെത്തിയത്.

അധികൃതരുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആറുമാസത്തിനിടെ ഏകദേശം 2,30,470 കിലോഗ്രാം നിലവാരമില്ലാത്ത പാൽപ്പൊടിയാണ് മായം ചേർക്കാനായി ഉപയോഗിച്ചത്. ഈ പാൽപ്പൊടി ഉപയോഗിച്ച് 23,04,070 ലിറ്റർ കൃത്രിമ പാൽ ഇതിനകം നിർമിച്ചു കഴിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.വിപുലമായ രീതിയിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്.

ഓരോ 100 ലിറ്റർ ശുദ്ധമായ പാലിലും 10 ലിറ്റർ എന്ന കണക്കിൽ കൃത്രിമ പാൽ ചേർക്കുകയാണ് ഇവർ ചെയ്തിരുന്നത്. പാൽ യഥാർത്ഥമാണെന്ന് തോന്നിപ്പിക്കാനും, കൊഴുപ്പിന്റെ അളവ് കൃത്രിമമായി വർധിപ്പിക്കാനും ഡിറ്റർജന്റ് പൗഡർ, പാം ഓയിൽ, നിലവാരമില്ലാത്ത രാസവസ്തുക്കൾ എന്നിവയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ജില്ലയിലെ വിവിധ പാൽ സംഭരണ കേന്ദ്രങ്ങൾ വഴി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലേക്ക് ഏകദേശം 2.3 കോടി ലിറ്ററിലധികം മായം കലർത്തിയ പാൽ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.

ഡിറ്റർജന്റും രാസവസ്തുക്കളും ചേർന്ന ഈ പാൽ ആരോഗ്യത്തിന് അതീവ ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഇത് തുടർച്ചയായി ഉപയോഗിക്കുന്നത് കരൾ, വൃക്ക, ദഹനവ്യവസ്ഥ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലാക്കും. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്കാണ് ഇത് ഏറ്റവും കൂടുതൽ അപകടകരമാകുന്നത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ, സംഭവം പുറത്തുവന്ന് എട്ടുദിവസം പിന്നിട്ടിട്ടും പ്രതികളെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല എന്നത് വലിയ പ്രതിഷേധത്തിനും വിമർശനത്തിനും വഴിവെച്ചിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം, ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഭക്ഷണപദാർത്ഥങ്ങളിൽ മായം കലർത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തം തടവുൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികളാണ് നിയമം അനുശാസിക്കുന്നത്.

Tags