പാക് മന്ത്രി മുസാദിക് മസൂദ് മാലിക്കിന് താജ്മഹല്‍ സന്ദര്‍ശിക്കാം, നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശനത്തിന് അനുമതിയില്ല
പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹല്‍ അടക്കം സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താം
പാകിസ്ഥാന് മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹലും മറ്റ് പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്കി. എന്നാല്‍ ദില്ലിയിലെ നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിക്കാനുള്ള അപേക്ഷ സുരക്ഷാ കാരണങ്ങളാല്‍ നിരസിച്ചു. പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹല്‍ അടക്കം സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താം. മന്ത്രി സന്ദര്‍ശനത്തിന് ആവശ്യപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് ഇന്ത്യന്‍ അധികൃതര്‍ പരിശോധന നടത്തിയ ശേഷമാണ് അനുമതി നല്‍കിയത്. താജ്മഹല്‍, ഹുമയൂണിന്റെ ശവകുടീരം, ദില്ലി ഹാട്ട് എന്നിവ സന്ദര്‍ശിക്കാന്‍ സംഘത്തിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍, ആഗ്ര സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിട്ടും മാലിക് താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നില്ല.
നവംബര്‍ 20 മുതല്‍ 22 വരെ നടക്കുന്ന ആദ്യ എസ്.സി.ഒ സംവാദ ഫോറത്തില്‍ പങ്കെടുക്കാനാണ് പാകിസ്ഥാന് മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന് പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്. മറ്റ് സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ക്ക് ഇന്ത്യന്‍ ഏജന്‍സികളുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആളുകളെ കാണാനും രാജ്യത്തിന്റെ സംസ്കാരം മനസ്സിലാക്കാനും തനിക്ക് ആഗ്രഹമുണ്ടെന്ന് മാലിക് വ്യക്തമാക്കിയിരുന്നു.
താജ്മഹല്‍, ഹുമയൂണിന്റെ ശവകുടീരം, ദില്ലി ഹാട്ട്, ഖില റായ് പിത്തോറ, നിസാമുദ്ദീന്‍ ദര്‍ഗ എന്നിവ സന്ദര്‍ശിക്കാന്‍ അനുമതി തേടിയിരുന്നതായി പാകിസ്ഥാന് ഹൈക്കമ്മീഷന് നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
.jpg)

