പഹൽഗാം ഭീകരാക്രമണം: ധീരരക്തസാക്ഷിയുടെ മകൾക്കെതിരെ അധിക്ഷേപ കമന്റ്; പ്രതിയെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി സ്വദേശി എൻ. രാമചന്ദ്രന്റെ മകളെ ഉൾപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ അധിക്ഷേപകരമായ കമന്റിട്ട കേസിൽ അറസ്റ്റിലായ യുവാവിനെ എട്ട് ദിവസത്തെ എൻ.ഐ.എ. കസ്റ്റഡിയിൽ വിട്ടു. മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് സനൂഫിനെയാണ് (26) കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി കസ്റ്റഡിയിൽ വിട്ടത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കേസിൽ നവംബർ 13 വരെ കോടതി എൻ.ഐ.എ.യ്ക്ക് കസ്റ്റഡി അനുവദിച്ചത്. കേരള പോലീസിന്റെ ഭീകരവിരുദ്ധ സേനയായ എ.ടി.എസിൽ (ATS) നിന്നാണ് അടുത്തിടെ കേസ് എൻ.ഐ.എ. ഏറ്റെടുത്തത്. ഇടുക്കി മുട്ടം പോലീസാണ് സനൂഫിനെതിരെ ആദ്യ ഘട്ടത്തിൽ കേസെടുത്തിരുന്നത്. തുടർന്ന് വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്ന ചില സംഘടനകളുമായുള്ള ബന്ധം കണ്ടെത്തിയതോടെയാണ് അന്വേഷണം എ.ടി.എസിലേക്കും പിന്നീട് എൻ.ഐ.എ.യിലേക്കും നീണ്ടത്.
അസ്ഹരി ഖുറൈഷി, ഫൈസാൻ മുഹമ്മദ്, ഷഹീർ, ഷൊയ്ബ് അഹമ്മദ്, ഇബ്ൻ അഹമ്മദ് എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെന്ന് അന്വേഷണസംഘം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്നാണ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയ എൻ.ഐ.എ., ഇവർക്ക് രാജ്യത്ത് ഏതെങ്കിലും ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
.jpg)

