എന്‍ടിഎയില്‍ അഴിച്ചുപണി ; 600 വിദഗ്ധരെ മാറ്റി പുതിയ നിയമനം

NTA

പരീക്ഷകള്‍ സുഗമമായി നടത്താന്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിര്‍ദേശം.

എന്‍ടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാന്‍ കേന്ദ്രം. 600 വിദഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പര്‍ പരിശോധനയ്ക്ക് നാലുഘട്ട  സംവിധാനം നടപ്പാക്കും. 25ഓളം ഉദ്യോഗസ്ഥരെ അടുത്ത രണ്ടോ ആഴ്ചയ്ക്കുള്ളില്‍ നിയമിക്കും. എന്‍ടിഎ ഓഫീസുകള്‍ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനമായി. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കും. പരീക്ഷകള്‍ സുഗമമായി നടത്താന്‍ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിര്‍ദേശം.


കഴിഞ്ഞ ദിവസം വീഴ്ചകളെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് പുതിയ നടപടി. വീഴ്ചകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പരീക്ഷാ നടത്തിപ്പ് കൂടുതല്‍ സുതാര്യവും കുറ്റമറ്റതുമാക്കുമെന്നും എന്‍ടിഎ അറിയിച്ചു. വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി മാറ്റങ്ങള്‍ നടപ്പാക്കുമെന്നും അറിയിച്ചു. പരീക്ഷാ വീഴ്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി എന്‍ടിഎ അധികൃതരുമായി യോഗം നടത്തിയിരുന്നു. പരീക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ പരീക്ഷാ നടപടികളും സമഗ്ര ഓഡിറ്റിന് വിധേയമാക്കുകയും തിരുത്തല്‍ നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags