ജമ്മു കശ്മീരിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് 4,200-ലധികം പുസ്തകങ്ങള്‍ പിന്‍വലിച്ചെന്ന് സര്‍ക്കാര്‍
കശ്മീര്‍ ഡിവിഷനില്‍ നിന്ന് 3,996 പുസ്തകങ്ങളും ജമ്മു ഡിവിഷനില്‍ നിന്ന് 253 പുസ്തകങ്ങളുമാണ് മാറ്റിയത്.
ജമ്മു കശ്മീരിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കോളേജ് ലൈബ്രറികളില്‍ നിന്നും 4,200-ലധികം പുസ്തകങ്ങള്‍ പിന്‍വലിച്ചതായി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. ലാംഗേറ്റ് എം.എല്‍.എയും അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവുമായ ഷെയ്ഖ് ഖുര്‍ഷീദ് ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ആകെ 4,249 പുസ്തകങ്ങളാണ് വിതരണത്തില്‍ നിന്നും ലൈബ്രറികളില്‍ നിന്നും പിന്‍വലിച്ചിട്ടുള്ളത്. ഇതില്‍ 94 ശതമാനം കശ്മീര്‍ മേഖലയിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. കശ്മീര്‍ ഡിവിഷനില്‍ നിന്ന് 3,996 പുസ്തകങ്ങളും ജമ്മു ഡിവിഷനില്‍ നിന്ന് 253 പുസ്തകങ്ങളുമാണ് മാറ്റിയത്. ഇതിനുപുറമെ, 2025 ഓഗസ്റ്റിലെ ഉത്തരവ് പ്രകാരം ഔദ്യോഗികമായി നിരോധിച്ച 19 തലക്കെട്ടുകളിലുള്ള 518 പുസ്തക പ്രതികളും ശേഖരങ്ങളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കോളേജ് തലം, ഡയറക്ടറേറ്റ് തലം, അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ് തലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി നടന്ന പരിശോധനയിലാണ് നടപടി. ആകെ 21.81 ലക്ഷത്തിലധികം (21,81,582) പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് സമിതികള്‍ പരിശോധിച്ചത്. ഇതില്‍ 12.48 ലക്ഷത്തോളം പുസ്തകങ്ങള്‍ കശ്മീരിലും 9.32 ലക്ഷത്തോളം പുസ്തകങ്ങള്‍ ജമ്മുവിലുമാണ് പരിശോധിച്ചത്. വിശാലവും സങ്കീര്‍ണ്ണവുമായ പ്രക്രിയയായതിനാല്‍ കൂടുതല്‍ പുസ്തകങ്ങളുടെ ഉള്ളടക്ക പരിശോധന തുടര്‍ന്നു വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഭരണഘടനാ മൂല്യങ്ങള്‍, അക്കാദമിക് സ്വാതന്ത്ര്യം, ശാസ്ത്രീയ മനോഭാവം, ഉത്തരവാദിത്തമുള്ള പൗരത്വം എന്നിവ പ്രോത്സാഹിപ്പിക്കേണ്ട കേന്ദ്രങ്ങളാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം, ഐക്യം, സമഗ്രത എന്നിവയെ ചോദ്യം ചെയ്യുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ, തീവ്രവാദത്തെ അനാവശ്യമായി മഹത്വവല്‍ക്കരിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനാണ് വ്യക്തമായ മാനദണ്ഡങ്ങളോടെ അക്കാദമിക് ഓഡിറ്റും പരിശോധനയും നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അതേസമയം, സര്‍ക്കാരിന്റെ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തി എം.എല്‍.എ ഷെയ്ഖ് ഖുര്‍ഷീദ് രംഗത്തെത്തി. ഏതൊക്കെ പുസ്തകങ്ങളാണ്, ഏതെല്ലാം എഴുത്തുകാരുടെ കൃതികളാണ് പിന്‍വലിക്കപ്പെട്ടതെന്നതിന്റെ വിശദമായ പട്ടിക സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
.jpg)

