ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം. ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നില്‍ വച്ചാണ് മാര്‍ച്ച് തടഞ്ഞത്. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളും പ്രവര്‍ത്തകരും. പ്രതിപക്ഷ പ്രതിഷേധത്തില്‍ ബിജെഡിയും പങ്കെടുക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് സമീപത്തേക്ക് കടത്തിവിടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായിരുന്നു. എസ്പി പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി ഇരുന്ന പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങി ഇന്ത്യ സഖ്യ എംപിമാര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
3,000ലധികം പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ 4 കമ്പനികളും ഉള്‍പ്പെടെയുള്ള വന്‍ പൊലീസ് വ്യൂഹത്തെയാണ് സുരക്ഷയ്ക്കായി രംഗത്തിറക്കിയത്. പാര്‍ലമെന്റ് പരിസരം, പാര്‍ലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ കവാടങ്ങള്‍ തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. ഓണ്‍-ഗ്രൗണ്ട് സുരക്ഷാ മേല്‍നോട്ടം വഹിക്കുന്നതിനായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ ക്യാമറകള്‍ ഘടിപ്പിച്ചാണ് ചുമതലകള്‍ നിര്‍വഹിക്കുന്നത്.
ഇലക്ഷന്‍ കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഗ്യാനേഷ് കുമാര്‍ തകര്‍ത്തതായി കോണ്‍ഗ്രസ് എംപിമാര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍ത്ത് രാജ്യം മുഴുവന്‍ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നിഷ്പക്ഷതയെക്കുറിച്ച് ഒരിക്കലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ ഗ്യാനേഷ് കുമാര്‍ ആ വിശ്വാസം തകര്‍ത്തെന്നും പ്രതിപക്ഷ എംപിമാര്‍ പറഞ്ഞു. പ്രതിപക്ഷം ഗ്യാനേഷ് കുമാറിനോട് ചോദിക്കുമ്പോള്‍ അതിന് മറുപടി നല്‍കുന്നത് ബിജെപി നേതാക്കളാണെന്നും എംപിമാര്‍ ആരോപിച്ചു.
.jpg)


