“കേരളത്തിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ഇനി രാജ്യമാകെ ; വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ
രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർത്തെറിയുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്ത്. കേരളത്തിൽ വലിയ വിജയമായി മാറിയ ‘ഓപ്പറേഷൻ തൂഫാൻ’ മയക്കുമരുന്ന് വേട്ടയുടെ മാതൃകയിലാണ് കേന്ദ്രം ഈ ദേശീയ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026-2029)’ നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കും. അടുത്ത മൂന്ന് വർഷത്തേക്കുള്ള കൃത്യമായ ലക്ഷ്യങ്ങളും കർശനമായ സമയപരിധികളും നിശ്ചയിച്ചുകൊണ്ടാണ് ഈ ബൃഹദ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
പദ്ധതിയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് നാളെ രാജ്യവ്യാപകമായി പിടിച്ചെടുത്ത ഭീമമായ അളവ് ലഹരിമരുന്ന് ഒറ്റയടിക്ക് നശിപ്പിച്ചു കളയും. വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ പിടികൂടിയ ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് നാളെ കത്തിച്ചുചാമ്പലാക്കുന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ പരസ്യമായ നടപടി. ഇതിന് പുറമെ ലഹരി കടത്തും വിപണനവും പ്രാദേശികമായി തടയുന്നതിനായി ജില്ലാ അടിസ്ഥാനത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനവും നാളെ മുതൽ നിലവിൽ വരും.
ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന കുറ്റവാളികളെയും അവരുടെ സാമ്പത്തിക സ്രോതസ്സുകളെയും കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ഒരു പുതിയ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക നാർക്കോട്ടിക് വിഭാഗം രൂപീകരിക്കും. ഇതോടൊപ്പം, മയക്കുമരുന്ന് കേസുകളിൽ കർശനവും വേഗത്തിലുള്ളതുമായ ശിക്ഷ ഉറപ്പാക്കാൻ രാജ്യത്തുടനീളം കൂടുതൽ എൻ.ഡി.പി.എസ് പ്രത്യേക കോടതികൾ സ്ഥാപിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
.jpg)

