‘ഓപ്പറേഷൻ സിന്ദൂർ’ രാജ്യത്തിന്റെ സൈനിക ശക്തി വ്യക്തമാക്കുന്നതായിരുന്നു : പ്രധാനമന്ത്രി
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂർ’ ഇന്ത്യൻ നിർമിത ആയുധങ്ങളുടെ ശേഷി കൂടി തെളിയിക്കുന്നതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർവ്വ കക്ഷി സംഘത്തിലൂടെ എല്ലാവരും രാജ്യത്തിന് വേണ്ടി നിന്നുവെന്നും എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാർലമെന്റ് തുടങ്ങുന്നതിന് മുമ്പ് പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്റെ സൈനിക ശക്തി വ്യക്തമാക്കുന്നതായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയസമ്മേളനം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">അതേസമയം രാജ്യത്ത് മെച്ചപ്പെട്ട കാലാവസ്ഥയാണെന്നും ഇത് കർഷകർക്ക് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. ശുഭാംശു ശുക്ലയുടെ ബഹിരാകാരാശ യാത്രയെയും മോദി പ്രശംസിച്ചു. മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ചും മോദി സംസാരിച്ചു. ‘മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾ ശക്തമാണ്. മാവോയിസ്റ്റ് സാന്നിധ്യം പൂർണ്ണമായി ഇല്ലാതാക്കുകയാണ്. മാവോയിസ്റ്റ് മുക്ത ഭാരത് എന്ന യാഥാർത്ഥ്യത്തിലേക്ക് രാജ്യം കടക്കുകയാണ്’, അദ്ദേഹം പറഞ്ഞു. സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുന്നുവെന്നും ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയായി രാജ്യം വളർന്നെന്നും അദ്ദേഹം വ്യക്തമാക്കി. 25 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. യുപിഐ വിപ്ലവമാണ് രാജ്യത്തെന്നും ലോകത്ത് ഏറ്റവും അധികം ഡിജിറ്റൽ പണമിടപാട് നടന്നത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പാർലമെന്റിൽ പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ ചർച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഈ വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി നോട്ടീസ് നൽകിയിട്ടുണ്ട്. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബിഹാർ വോട്ടർ പട്ടിക വിവാദവും ഉയർത്തുമെന്നും പാർലമെന്റ് സമ്മേളനം പ്രഹസനമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ശൈലിയെന്നും അദ്ദേഹം പറഞ്ഞു.
.jpg)


