‘പാക് സ്പോൺസേർഡ് ഭീകരത അവസാനിപ്പിക്കുകയായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം’ ; സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ


പുണെ : ഓപ്പറേഷൻ സിന്ദൂറിലെ നഷ്ടത്തെക്കുറിച്ച് ഈ ഘട്ടത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് സംയുക്ത സേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. നഷ്ടങ്ങളും തിരിച്ചടികളും ഇന്ത്യൻ സായുധ സേനകളെ ബാധിക്കില്ല. നഷ്ടങ്ങൾ അല്ല, ഫലമാണ് പ്രധാനമെന്നും അനിൽ ചൗഹാൻ പറഞ്ഞു.
‘എതിരാളികളുടെ എത്ര യുദ്ധവിമാനങ്ങൾ തകർത്തുവെന്ന് ഉടനെ അറിയിക്കും. ഇന്ത്യ ആണവ ഭീഷണിയുടെ നിഴലിൽ കഴിയുകയില്ല. പഹൽഗാമിൽ നടന്നത് കൊടും ക്രൂരതയാണ്. പാക് സ്പോൺസേർഡ് ഭീകരത അവസാനിപ്പിക്കുകയായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം’, അനിൽ ചൗഹാൻ പറഞ്ഞു.
tRootC1469263">ഇന്ത്യയ്ക്കെതിരെ 48 മണിക്കൂർ നീളുന്ന യുദ്ധമുറയുമായാണ് പാകിസ്ഥാൻ എത്തിയതെന്നും എന്നാൽ മണിക്കൂറുകൾകൊണ്ട് അവരെ ഇന്ത്യൻ സൈന്യം മുട്ടുകുത്തിച്ചുവെന്നും അനിൽ ചൗഹാൻ. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഇതിനെതിരെ പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിച്ചു.

മെയ് 10-ന് രാത്രി ഒരുമണിയോടെ ഇന്ത്യയ്ക്കെതിരായ ആക്രമണത്തിന് അവർ സൈനിക നടപടി തുടങ്ങി. 48 മണിക്കൂർ കൊണ്ട് ഇന്ത്യയെ മുട്ടുകുത്തിക്കാമെന്ന് കരുതിയാണ് അവർ തുടങ്ങിയത്. എന്നാൽ, വെറും എട്ടുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവർ പദ്ധതികളൊക്കെ ചുരുട്ടിക്കൂട്ടി, ഫോണെടുത്ത് വിളിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു- അനിൽ ചൗഹാൻ വിശദീകരിച്ചു. പുണെ സർവകലാശാലയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അനിൽ ചൗഹാൻ.