സ്ത്രീധനത്തിന്മേല്‍ പൂർണ്ണമായ അവകാശം സ്ത്രീക്ക് മാത്രം,ആവശ്യത്തിനുപയോഗിച്ചാലും തിരികെ നല്‍കണം;അലഹബാദ് ഹൈകോടതി
വിവാഹസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വത്ത് അവളുടെ മാത്രം സ്വത്താണ്. അത് ഭർത്താവിന്റെയും ഭാര്യയുടെയും സംയുക്ത സ്വത്തായി കണക്കാക്കാനാവില്ല
അലഹബാദ്: വിവാഹസമയത്ത് ലഭിക്കുന്ന സ്ത്രീധനത്തിന്മേല്‍ പൂർണ്ണമായ അവകാശം സ്ത്രീക്ക് മാത്രമാണെന്ന് അലഹബാദ് ഹൈകോടതി സ്ത്രീധനം സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ സ്ത്രീകള്‍ക്ക് അധികാരമുണ്ടെന്നും, അത് കൈവശം വെക്കുന്നതിന്റെ പേരില്‍ സ്ത്രീക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്ത്രീധനമായി ലഭിച്ച ആഭരണങ്ങളും പണവും ഭാര്യ കൈക്കലാക്കി എന്നാരോപിച്ച് ഭർത്താവ് നല്‍കിയ വിശ്വാസവഞ്ചന കേസ് (IPC 406) റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ചവാൻ പ്രകാശ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.2012-ല്‍ വിവാഹിതയായ അനാമിക തിവാരി എന്ന യുവതിക്കെതിരെ ഭർത്താവ് പരാതി നല്‍കി. 2018-ല്‍ യുവതിയും വീട്ടുകാരും തന്റെ വീട്ടില്‍ അതിക്രമിച്ചു കയറി 1.5 ലക്ഷം രൂപയുടെ ആഭരണങ്ങളും 6,400 രൂപയും എടുത്തു എന്നായിരുന്നു പരാതി. നേരത്തെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ യുവതി സ്ത്രീധന പീഡനത്തിന് കേസ് നല്‍കിയിരുന്നു. ഇതിന് പകരമായാണ് ഭർത്താവ് മോഷണക്കുറ്റം ആരോപിച്ചത്. എന്നാല്‍, സ്വന്തം ആഭരണങ്ങള്‍ തിരികെ എടുക്കുന്നത് വിശ്വാസവഞ്ചനയോ മോഷണമോ ആയി കാണാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവാഹസമയത്ത് ഒരു സ്ത്രീക്ക് ലഭിക്കുന്ന സ്വത്ത് അവളുടെ മാത്രം സ്വത്താണ്. അത് ഭർത്താവിന്റെയും ഭാര്യയുടെയും സംയുക്ത സ്വത്തായി കണക്കാക്കാനാവില്ല. കുടുംബത്തിലെ അത്യാവശ്യ ഘട്ടങ്ങളില്‍ ഭാര്യയുടെ അനുവാദത്തോടെ ഭർത്താവിന് ഈ സ്വത്ത് ഉപയോഗിക്കാം. എന്നാല്‍ അത് തിരികെ നല്‍കുകയോ അതിന്റെ മൂല്യം മടക്കിക്കൊടുക്കുകയോ ചെയ്യേണ്ടത് ഭർത്താവിന്റെ ഉത്തരവാദിത്തമാണെന്നും, സ്ത്രീധനത്തിന്മേല്‍ ഭർത്താവിനോ മറ്റ് ബന്ധുക്കള്‍ക്കോ യാതൊരു നിയന്ത്രണവുമില്ലന്നും അലഹബാദ് ഹൈകോടതി വ്യക്തമാക്കി.
.jpg)


