പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കുമായി ഐഐടി കാൺപൂരിൽ 4 പുതിയ ഓൺലൈൻ എംടെക് കോഴ്‌സുകൾ

Errors in environmental studies handbook; wrong names of birds

കാൺപൂർ: പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കുമായി ഐഐടി കാൺപൂർ നാല് പുതിയ ഓൺലൈൻ എംടെക് പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം പുതിയ കോഴ്‌സുകൾ അവതരിപ്പിക്കുന്നത്.

ഈ വർഷം സെപ്റ്റംബർ മുതൽ ക്ലാസുകൾ ആരംഭിക്കും. വ്യാവസായിക രംഗത്ത് നിലവിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് തങ്ങളുടെ കരിയർ മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതനുസരിച്ച് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗത്തിൽ 'സൈബർ സെക്യൂരിറ്റി', ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 'മൈക്രോഇലക്ട്രോണിക്സ് ആൻഡ് വിഎൽഎസ്ഐ', 'പവർ എൻജിനീയറിങ്', മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 'റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ' എന്നിവയിലാണ് ഓൺലൈൻ എംടെക് ഡിഗ്രി സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നത്.

കോഴ്‌സിൽ പ്രവേശനം നേടുന്നതിനായി വിദ്യാർത്ഥികൾ ഐഐടി കാൺപൂർ കാമ്പസിൽ നേരിട്ടെത്തി ക്ലാസുകളിൽ പങ്കെടുക്കേണ്ടതില്ല. പൂർണ്ണമായും ഓൺലൈൻ വഴിയായിരിക്കും ഇതിന്റെ നടത്തിപ്പ്. ഓരോ കോഴ്‌സിലും പരമാവധി 250 സീറ്റുകൾ വീതമാണ് അനുവദിച്ചിരിക്കുന്നത്. പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്.

ഗേറ്റ് സ്കോർ ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ഈ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം എന്നതാണ് ഏറ്റവും വലിയ സവിശേഷത. ബിടെക്/ബിഇ അല്ലെങ്കിൽ തത്തുല്യ ബിരുദവും ഒപ്പം രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പ്രൊഫഷണലുകൾക്ക് കോഴ്‌സിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടായിരിക്കും. താൽപ്പര്യമുള്ളവർക്ക് ഐഐടി കാൺപൂരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Tags