ഇനി കാത്തുനിൽക്കേണ്ടതില്ല....! ട്രെയിനുകളിൽ ഇനി ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം വരുന്നു ; ജൂലൈ 31 മുതൽ നിലവിൽ വരും

No more waiting...! An online luggage booking facility for trains is being introduced; it will come into effect on July 31.

ന്യൂഡൽഹി : ട്രെയിൻ യാത്രകൾക്ക് അധിക ബാഗേജിനായി റെയിൽവേ സ്റ്റേഷനുകളിലെ ലഗേജ് കൗണ്ടറുകളിൽ ഇനി നേരിട്ടെത്തി കാത്തുനിൽക്കേണ്ടതില്ല. യാത്രക്ക് മുമ്പ് തന്നെ ഓൺലൈനായി അധിക ലഗേജ് ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ യാത്രക്കാർക്ക് അധിക ലഗേജ് കൊണ്ടുപോകുന്നതിന് ജൂലൈ 31 മുതൽ ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം നിലവിൽ വരും.

പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് ക്ലാസ് അനുസരിച്ചുള്ള സൗജന്യ ലഗേജ് പരിധി, പരമാവധി അനുവദനീയമായ ഭാരം, കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കൾ, അധിക ലഗേജിനുള്ള നിരക്കുകൾ, നിയമലംഘനത്തിന് ഈടാക്കുന്ന പിഴ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകും. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നിശ്ചിത സൗജന്യ പരിധിയിൽ കവിഞ്ഞ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാരിൽ നിന്ന് അധിക ചാർജ് ഈടാക്കാറുണ്ട്. പരിധിയിൽ കൂടുതൽ ലഗേജ്, പരിശോധനയിൽ കണ്ടെത്തുന്ന സാഹചര്യത്തിൽ ടി.ടി.ഇ പിഴ ഈടാക്കുകയാണ് ചെയ്യുക. പുതിയ ഓൺലൈൻ സംവിധാനത്തിലൂടെ ഇത്തരം ബുദ്ധിമുട്ടുകളും കൗണ്ടറുകളിലെ തിരക്കും ഒഴിവാക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

കൺഫേം ടിക്കറ്റുള്ള യാത്രക്കാർക്കാണ് ഈ സേവനം ലഭ്യമാകുക. ഇവർക്ക് ഐ.ആർ.സി.ടി.സി പോർട്ടൽ വഴി ലഗേജ് ബുക്ക് ​​ചെയ്യാം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ അധിക ലഗേജ് സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച് ആവശ്യമായ ഫീസ് അടച്ച് ബുക്കിങ് പൂർത്തിയാക്കാം. ഇതോടെ യാത്ര കൂടുതൽ സൗകര്യപ്രദവും സമയലാഭകരവുമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാ സേവനങ്ങൾ കൂടുതൽ ഡിജിറ്റലാക്കാനും യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനുമുള്ള ഇന്ത്യൻ റെയിൽവേയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ ലഗേജ് ബുക്കിങ് സംവിധാനം നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സെക്കൻഡ് ക്ലാസ് യാത്രക്കാർക്ക് 35 കിലോഗ്രാം ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ചാർജ് അടച്ച് പരമാവധി 70 കിലോഗ്രാം വരെ ലഗേജ് അനുവദനീയമാണ്. സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് 40 കിലോഗ്രാം സൗജന്യ അലവൻസും 80 കിലോഗ്രാം വരെ പരമാവധി പരിധിയും നിശ്ചയിച്ചിട്ടുണ്ട്. എ.സി ത്രീ ടയർ, ചെയർ കാർ യാത്രക്കാർക്ക് 40 കിലോഗ്രാം ലഗേജ് സൗജന്യമായി അനുവദിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ്, എ.സി ടു ടയർ യാത്രക്കാർക്ക് 50 കിലോഗ്രാം സൗജന്യമായും പരമാവധി 100 കിലോഗ്രാം വരെയും കൊണ്ടുപോകാം. എ.സി ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് 70 കിലോഗ്രാം സൗജന്യമായും 150 കിലോഗ്രാം വരെയും ചാർജ് അടച്ച് ലഗേജ് കൊണ്ടുപോകാൻ കഴിയും. 

Tags