യുവതിയ്ക്കായി ഒരു നിയമം, ബിജെപി നേതാക്കള്‍ക്കായി ഒരു നിയമം?', വിമര്‍ശനവുമായി അഭിജിത് ദീപ്‌കെ

abhijith

വൃത്തികെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി നേതാക്കള്‍ക്കോ അവരുടെ ഐടി സെല്ലിനെതിരെയോ ഇതുവരെ കേസെടുത്തില്ലല്ലോ

പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പേരില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്കെ. വൃത്തികെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി നേതാക്കള്‍ക്കോ അവരുടെ ഐടി സെല്ലിനെതിരെയോ ഇതുവരെ കേസെടുത്തില്ലല്ലോ എന്ന് അഭിജീത് ദീപ്കെ ചോദിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അഭിജീതിന്റെ പ്രതികരണം.

'അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് നിങ്ങള്‍ കേസുകള്‍ എടുക്കുന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്ന ബിജെപി ഐടി സെല്ലിനെതിരെ എന്ന് കേസെടുക്കും?, അഭിജീത് ദീപ്കെ ചോദിച്ചു. ബിജെപി ഐടി സെല്ലിലെ ആളുകള്‍ക്ക് സ്ത്രീകളെ ഒരു തരത്തിലും ബഹുമാനമില്ലെന്ന് പറഞ്ഞ അഭിജിത് ദീപ്കെ അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നുവരാണെന്ന് അഭിമാനത്തോടെ അവരുടെ ബയോയില്‍ എഴുതുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം ആളുകള്‍ സ്ത്രീകളെ മോശം ഭാഷയില്‍ നിരവധി തവണ അധിക്ഷേപിച്ചെന്നും അവര്‍ക്കെതിരെ എന്ന് കേസെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കളുടെ പേരെടുത്ത് പറഞ്ഞും അഭിജീത് വിമര്‍ശിച്ചു.

'ബിജെപി എംപി രമേശ് ബിധുരി മറ്റൊരു എംപിക്കെതിരെ ഉപയോഗിച്ച പദങ്ങള്‍ എല്ലാവര്‍ക്കും ഓര്‍മയുണ്ട്. ഒരു എന്‍ആര്‍ഐ ക്യാമറപേഴ്സനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മോശം ഭാഷ ഉപയോഗിച്ചതിന്റെ വീഡിയോ ഇവിടെയുണ്ട്. ഈ രാജ്യത്ത് എന്താണ് ശരിക്കും നടക്കുന്നത്? രണ്ട് തരം നിയമങ്ങള്‍ ഇവിടെയുണ്ടോ? യുവതിയ്ക്കായി ഒരു നിയമം, ബിജെപി നേതാക്കള്‍ക്കായി ഒരു നിയമം?', അഭിജീത് ദീപ്കെ ചോദിച്ചു.

അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് ആക്ഷേപമാണെങ്കിലും അത് ക്രിമിനല്‍ കുറ്റത്തിന്റെ ഭാഗമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരം ഭാഷ ഉപയോഗിക്കുന്നവരെ നിങ്ങള്‍ക്ക് ഉപദേശിക്കാമെന്നും ഇനി അത് ഉപയോഗിക്കരുതെന്ന് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എന്തിനാണ് അതില്‍ കേസെടുക്കുന്നതെന്നും അഭിജീത് ദീപ്കെ ചോദിച്ചു.

Tags