ദേശീയ സ്ഥാപനങ്ങളിലെ അവസരങ്ങൾ അറിയാം


യുജി/പിജി വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്ന ഇന്റേൺഷിപ്പ്/സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.എൻഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) നടത്തുന്ന സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. സ്റ്റൈപ്പെൻഡ് ഇല്ല. റായ്‌പുർ മേയ് 12 മുതൽ ജൂലായ് 12 വരെ യാണ് ഇന്റേൺഷിപ് .
തിരഞ്ഞെടുക്കപ്പെടുന്ന റായ്‌പുർ എൻഐടി വിദ്യാർഥികൾ 2000 രൂപയും മറ്റുസ്ഥാപനങ്ങളിലുള്ളവർ 5000 രൂപയും ഇന്റേൺഷിപ്പ് ഫീ ആയി അടയ്ക്കണം.പ്രോഗ്രാമിൽ പങ്കെടുക്കുന്ന വകുപ്പുകളും സ്ഥാനങ്ങളും: അപ്ലൈഡ് ജിയോളജി-15, സിവിൽ എൻജിനിയറിങ്-35, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്-33, കെമിസ്ട്രി-15, മാത്തമാറ്റിക്സ്-1, ഫിസിക്സ്-4, ഇലക്‌ട്രിക്കൽ എൻജിനിയറിങ്-50, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്-26, ഇൻഫർമേഷൻ ടെക്നോളജി-45, മെക്കാനിക്കൽ എൻജിനിയറിങ്-25.

യുജി, പിജി ഏതെങ്കിലും പ്രോഗ്രാമിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.വിജ്ഞാപനം www.nitrr.ac.in ൽ ലഭിക്കും (ന്യൂസ് ലിങ്കിൽ). വിജ്ഞാപത്തിൽനിന്ന് താത്പര്യമുള്ള മേഖല കണ്ടെത്തണം. പൂരിപ്പിച്ച അപേക്ഷ മേഖലയ്ക്കനുസരിച്ച് വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ഡിപ്പാർട്ട്മെൻറ് മെയിൽ ഐഡിയിലേക്ക് ഏപ്രിൽ ഒൻപതിന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തവിധം അയക്കണം.
പരിമിതമായ താമസസൗകര്യം, ആദ്യംവരുന്നവർക്ക് ആദ്യപരിഗണന എന്നരീതിയിൽ അനുവദിക്കും. നാമമാത്രമായ തുക നൽകണം. മറ്റുള്ളവർ താമസത്തിന് സ്വന്തം ക്രമീകരണം നടത്തണം. മെസ് സൗകര്യം ലഭ്യമല്ല.
സോഷ്യൽ സയൻസസ് ഇന്റേൺഷിപ്പ്
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി-ഐസക്)-ബെംഗളൂരു, സോഷ്യൽ സയൻസസ് ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ഥാപനത്തിലെ വിവിധ വകുപ്പുകളിലെ ഫാക്കൽറ്റി, ഗവേഷകർ, പിഎച്ച്ഡി വിദ്യാർഥികൾ തുടങ്ങിയവരുമായി സംവദിക്കുവാൻ അവസരം ലഭിക്കും. മേയ്-ഓഗസ്റ്റ് കാലയളവിലാകും ഇന്റേൺഷിപ്പ്.മേഖലകളിൽ ചിലത്: അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, റൂറൽ ഡിവലപ്മെൻറ്, അഗ്രിക്കൾച്ചർ ഫൈനാൻസ്, മാർക്കറ്റിങ്, പ്രൈസ് അനാലിസിസ്, എഐ ആൻഡ് എംഎൽ ഇൻ അഗ്രിക്കൾച്ചർ, എൻവയൺമെൻറൽ ഇക്കണോമിക്സ്, ഡിവലപ്മെൻറ് ഇക്കണോമിക്സ്, ഇൻഡസ്ട്രിയൽ ഇക്കണോമിക്സ്, മൈഗ്രേഷൻ, പോപ്പുലേഷൻ ആൻഡ് ഹെൽത്ത്, സോഷ്യോളജി ഓഫ് ഇൽനസ്, അർബൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, ക്ലൈമറ്റ് ചേഞ്ച്, പവർട്ടി, ഡീസെൻട്രലൈസേഷൻ ആൻഡ് ഡിവലപ്‌മെൻറ്, വിമൺ ലീഡർഷിപ്പ്, ലോക്കൽ ഫൈനാൻസസ്
യോഗ്യത: മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിനും മൂന്നാം സെമസ്റ്ററിനും ഇടയ്ക്കുള്ള വിദ്യാർഥികളായിരിക്കണം.
സ്റ്റൈപ്പെൻഡ്: പ്രതിമാസം 5000 രൂപ. ബംഗളൂരിനു പുറത്തുള്ളവർക്ക് താമസസൗകര്യം, യാത്രാച്ചെലവ് എന്നിവയും നൽകും.
അപേക്ഷാമാതൃക www.isec.ac.in (ഗ്രാൻറ് ആൻഡ് ഇന്റേൺഷിപ്പ് > ഇന്റേൺഷിപ്പ് ഇൻ സോഷ്യൽ സയൻസസ്)ൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.
പൂരിപ്പിച്ച അപേക്ഷ, അപേക്ഷാർഥിയുടെ ഡിപ്പാർട്ട്‌മെൻറ് മേധാവി, മറ്റൊരു സീനിയർ ഫാക്കൽറ്റി എന്നിവരുടെ റെക്കമന്റേഷൻ കത്തുകൾ എന്നിവസഹിതം ‘The Registrar, Institute of Social and Economic Change, Dr.VKRV Rao Road, Nagarbhavi PO, Bangalore-560072’ എന്ന വിലാസത്തിൽ ഏപ്രിൽ 17-നകം തപാലിൽ ലഭിക്കണം. സഹായങ്ങൾക്ക്: intetnship@isec.ac.in
സൂറത്ത് സർദാർ വല്ലഭ്‌ഭായ് എൻഐടി
സർദാർ വല്ലഭ്‌ഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എസ്‌വിഎൻഐടി)-സൂറത്ത്, ഗുജറാത്ത്, യുജി വിദ്യാർഥികൾക്കായി നടത്തുന്ന സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. സ്ഥാപനത്തിലെ ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ, നൂതന ഗവേഷണത്തിലും വികസനോന്മുഖ പ്രോജക്ടിലും ഏർപ്പെടാനുള്ള അവസരം ലഭിക്കും.
വകുപ്പുകൾ: സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്.
മേയ് 19 മുതൽ ജൂലായ് 18 വരെയാണ് പ്രോഗ്രാം. പങ്കെടുക്കുന്നവർക്ക് പ്രതിമാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താമസിക്കാം.
യോഗ്യത: ബിഇ/ബിടെക് പ്രോഗ്രാമിൽ പഠിക്കുന്ന, അഞ്ചാം സെമസ്റ്റർ പരീക്ഷയെങ്കിലും അഭിമുഖീകരിച്ചവർ, ഇൻറഗ്രേറ്റഡ് എംഎസ്‌സി/ഇൻറഗ്രേറ്റഡ് എംടെക്/ഡ്യുവൽ ഡിഗ്രി പ്രോഗ്രാമിൽ പഠിക്കുന്ന, അഞ്ചാം സെമസ്റ്റർ പരീക്ഷയെങ്കിലും അഭിമുഖീകരിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.മികച്ച അക്കാദമിക് മികവ് വേണം. തന്റെ വിഷയത്തിൽ കോളേജിൽ/സ്ഥാപനത്തിൽ/സർവകലാശാലയിൽ, മുൻ വർഷങ്ങളിലെ/സെമസ്റ്ററുകളിലെ പരീക്ഷകളിലെ സിജിപിഎ/മാർക്ക് ശതമാനം പരിഗണിക്കുമ്പോൾ മുന്നിലെത്തുന്ന 20 ശതമാനം പേരിൽ ഉൾപ്പെട്ടിരിക്കണം. ഇത് സ്ഥാപന അധികാരി സാക്ഷ്യപ്പെടുത്തണം.
വിശദവിവരങ്ങൾ www.svnit.ac.in ലെ വിജ്ഞാപനത്തിൽ ലഭിക്കും (സ്റ്റുഡൻറ് നോട്ടീസ് ലിങ്ക്). അപേക്ഷ ഇതിലെ ലിങ്ക് വഴി ഏപ്രിൽ 11-നകം നൽകണം. 500 വാക്കിൽ കവിയാത്ത പ്രോജക്ട് റൈറ്റപ്പ് അപ്‌ലോഡ് ചെയ്യണം