മഴയിൽ മുങ്ങി ഉത്തരേന്ത്യ

Heavy rains; low-lying areas in Kolkata flooded

 ലഖ്‌നൗ: രൂക്ഷമായ മഴക്കെടുതിയിൽ ഉലഞ്ഞ് ഉത്തരേന്ത്യ. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കനത്ത മഴയും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.പിയിൽ മാത്രം കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 56 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 60ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ജില്ലകളിലായി 2,254 വീടുകൾ തകരുകയും 17,000ത്തിൽ അധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

ഒഡീഷയിൽ വെള്ളപ്പൊക്കം മൂലം ഒരു ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഛത്തീസ്ഗഡിൽ മഴയിൽ ദേശീയ പാതകളും ബസ്തർ മേഖലയിലെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഒറ്റപ്പെടയിടങ്ങളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേരെ വ്യോമസേന കഴിഞ്ഞ ദിവസം എയർലിഫ്റ്റ് ചെയ്തിരുന്നു.

വരും ദിവസങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും ജനം ജാഗരൂകരാകണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹിമാചലിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും തലസ്ഥാനമായ ഡൽഹിയിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഡെറാഡൂൺ, തെഹ്രി, ഹരിദ്വാർ, പൗരി എന്നീ ജില്ലകളിലാണ് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മധ്യപ്രദേശിനും ഛത്തീസ്ഗഢിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് വടക്കേ ഇന്ത്യയിൽ മഴ കനത്തത്. ഉത്തർപ്രദേശിന് മുകളിലൂടെ നീങ്ങുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വീണ്ടും മുന്നോട്ട് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതാ നിർദേശം. അതേസമയം, ജാർഖണ്ഡിൽ ഓറഞ്ച് അലർട്ടുമാണ് മുന്നറിയിപ്പ്. മധ്യ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഒഡീഷ്യ, തെലങ്കാന, കർണാടക, കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags