പാസ്റ്റര്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും പ്രവേശനമില്ല'; ഛത്തീസ്ഗഢിലെ ഗോത്രഗ്രാമങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു
മതപരിവര്‍ത്തനം, പ്രാര്‍ഥനായോഗങ്ങള്‍ തുടങ്ങിയവയ്ക്കായി ക്രിസ്ത്യന്‍ പാസ്റ്റര്‍മാരും കന്യാസ്ത്രീകളും ഗ്രാമത്തില്‍ പ്രവേശിക്കരുതെന്നാണ് ബോര്‍ഡിലെ മുന്നറിയിപ്പ്.
ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും പാസ്റ്റര്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഛത്തീസ്ഗഢിലെ ഗോത്രഗ്രാമങ്ങള്‍. ഛത്തീസ്ഗഢിലെ സോഗ്ര, ഛഡിയ, ദുമാര്തോളി, ടെമ്പു ഗ്രാമങ്ങളിലും ഏറ്റവുമൊടുവില്‍ ജബ്ല ഗ്രാമത്തിലുമാണ് പാസ്റ്റര്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് പ്രവേശനം വിലക്കിയുള്ള ബോര്‍ഡുകളും ഗ്രാമങ്ങളില്‍ സ്ഥാപിച്ചു.
മതപരിവര്‍ത്തനം, പ്രാര്‍ഥനായോഗങ്ങള്‍ തുടങ്ങിയവയ്ക്കായി ക്രിസ്ത്യന്‍ പാസ്റ്റര്‍മാരും കന്യാസ്ത്രീകളും ഗ്രാമത്തില്‍ പ്രവേശിക്കരുതെന്നാണ് ബോര്‍ഡിലെ മുന്നറിയിപ്പ്. ഗ്രാമസഭകളില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് വിശദീകരണം. വെള്ളിയാഴ്ച ജബ്ല ഗ്രാമത്തിലാണ് ഏറ്റവുമൊടുവില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപി എംഎല്‍എയായ റായ്മുനി ഭഗതിന്റെ സാന്നിധ്യത്തിലാണ് ഗ്രാമത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മതപരിവര്‍ത്തനത്തിനായി പാസ്റ്റര്‍മാരും കന്യാസ്ത്രീകളും ഗ്രാമങ്ങളില്‍ വരുന്ന സാഹചര്യമുണ്ടെന്നും ഇതിനാലാണ് ഗ്രാമങ്ങളിലുള്ളവര്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിച്ചതെന്നുമാണ് ബിജെപി എംഎല്‍എയുടെ പ്രതികരണം. ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങളും സംസ്കാരവും സംരക്ഷിക്കാന്‍ ഗ്രാമസഭകള്‍ക്ക് അധികാരമുണ്ടെന്നാണ് ഗ്രാമമുഖ്യന്മാരുടെ വാദം. ഇതനുസരിച്ചാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ചതെന്നും ഇവര്‍ പറയുന്നു.
.jpg)

