മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് ശരിവച്ച് സുപ്രീം കോടതി

'No backward class reservation if you change religion', Supreme Court upholds cancellation of Muslim reservation in Tamil Nadu

ന്യൂഡല്‍ഹി: ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം ഉള്‍പ്പടെയുള്ള മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന വ്യക്തികള്‍ക്ക് പൂര്‍വ്വജാതിയുടെ പദവിയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക സംവരണം അവകാശപ്പെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില്‍ ഒഴികെയുള്ളവര്‍ക്ക് പട്ടിക ജാതി പദവി അവകാശപ്പെടാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഇസ്ലാം മതത്തിലേക്ക് മാറുന്ന പിന്നാക്ക/പട്ടികജാതി വിഭാഗക്കാര്‍ക്ക് ബാക്ക്‌വേര്‍ഡ് ക്ലാസ് മുസ്ലീം സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിന്റെ 2024ലെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി. ഇസ്ലാമിലേക്ക് മതം മാറിയതുകൊണ്ടു മാത്രം ഒരാള്‍ക്ക് സംസ്ഥാനത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള ഏഴ് മുസ്ലീം പിന്നാക്ക വിഭാഗങ്ങളില്‍ അംഗത്വം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പ്രശാന്ത്കുമാര്‍ മിശ്ര, ജസ്റ്റീസ് ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. മതം മാറുന്നതിനു മുന്‍പുള്ള ജാതി പദവി പിന്നീട് മുസ്ലീം പിന്നാക്ക വിഭാഗത്തിന്റെ പദവിയായി സ്വമേധയാ മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

2015ല്‍ ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറിയ തൂത്തുക്കുടി സ്വദേശി സമീര്‍ അഹമ്മദ്, തമിഴ്‌നാട്ടിലെ പിന്നോക്ക മുസ്ലീം 'ലെബ്ബൈ' സര്‍ട്ടിഫിക്കറ്റിനായി നല്‍കിയ അപേക്ഷ തഹസില്‍ദാര്‍ നിരസിച്ചതാണ് കേസിനാസ്പദമായ സംഭവം. മതം മാറുന്നവര്‍ക്ക് ഈ സംവരണം അനുവദിക്കാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ 2024ല്‍ ഉത്തരവിറക്കിയിരുന്നെങ്കിലും, ഈ ഉത്തരവ് ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി അത് റദ്ദ് ചെയ്തു.

ഇസ്ലാമിലും ക്രിസ്തുമതത്തിലും ജാതിവ്യവസ്ഥയോ സാമൂഹികമായ തരംതിരിവുകളോ ഇല്ലെന്ന് പ്രചരിപ്പിച്ചാണ് മതപരിവര്‍ത്തനം നടത്തുന്നതെന്നും അതിനുശേഷം ഇസ്ലാമിലും പിന്നാക്കാവസ്ഥയിലും ജാതി തിരിവ് ഉണ്ടെന്ന് വാദിക്കുന്നത് പരസ്പരവിരുദ്ധമാണെന്നും മദ്രാസ് ഹൈക്കോടതി അന്ന് നിരീക്ഷിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതും തിരിച്ചടി നേരിട്ടതും.

Tags