ഡല്‍ഹിയില്‍ നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി

delhi

ഒന്നര മണിക്കൂറോളം കെട്ടിടത്തില്‍ കുടുങ്ങിയ താമസക്കാരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി.

കിഴക്കന്‍ ദില്ലിയിലെ വിവേക് വിഹാറില്‍ സ്ഥിതിചെയ്യുന്ന നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കെട്ടിടത്തിന്റെ ബാല്‍ക്കണി ഗ്രില്ല് വെച്ച് അടച്ചിരുന്നതും സ്റ്റെയര്‍കേസില്‍ പുക നിറഞ്ഞതും താമസക്കാര്‍ക്ക് രക്ഷപ്പെടാന്‍ തടസ്സമായി. ഒന്നര മണിക്കൂറോളം കെട്ടിടത്തില്‍ കുടുങ്ങിയ താമസക്കാരെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.


വിവേക് നഗറിലെ ഫേസ്-1ല്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 3:13നും 3:47നുമാണ് തീപിടിത്തം ഉണ്ടായത്. ഒന്നാം നിലയില്‍നിന്ന് തുടങ്ങിയ തീ, രണ്ട്, മൂന്ന്, നാല് നിലകളിലെ ഫ്‌ലാറ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നു. 3:47 ഓടെയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നാണ് ഡല്‍ഹി പോലീസും ഡല്‍ഹി ഫയര്‍ സര്‍വീസും വിശദീകരിക്കുന്നത്. ഉടന്‍തന്നെ ഫയര്‍ യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. 15 പേരെ രക്ഷപ്പെടുത്തിയതായും കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഫയര്‍ ഓഫീസര്‍ മുകേഷ് വര്‍മ അറിയിച്ചു. ഭൂരിഭാഗം മൃതദേഹങ്ങളും കെട്ടിടത്തിന്റെ പിന്‍ഭാഗത്തുനിന്നാണ് ലഭിച്ചതെന്നാണ് ഫയര്‍ ഫോഴ്‌സ് അറിയിക്കുന്നത്.

കെട്ടിടത്തിന്റെ ഓരോ നിലയിലും 4ബിഎച്ച്‌കെ ഫ്‌ലാറ്റുകളായിരുന്നു. ആറോളം ഫ്‌ലാറ്റുകളിലെ സാധനസാമഗ്രികള്‍ക്ക് തീപിടിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്റ്റെയിര്‍കേസ്, ഫ്‌ലാറ്റ് അടക്കം കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. 

Tags