അച്ഛാ, അവർ എന്നെ കൊല്ലും”; മണിക്കൂറുകൾക്കകം നവവധു തൂങ്ങിമരിച്ച നിലയിൽ , സ്ത്രീധനപീഡന ആരോപണവുമായി കുടുംബം
ലഖ്‌നൗ: നവവധുവിനെ ഭർതൃഗൃഹത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അംരോഹയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പുഷ്‌പേന്ദ്രി ദേവിയെന്ന പത്തൊൻപതുകാരിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം സ്ത്രീധനക്കൊലപാതകമാണെന്നും പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും ഭർതൃകുടുംബവും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നും പുഷ്‌പേന്ദ്രിയുടെ കുടുംബം ആരോപിച്ചു.
മരിക്കുന്നതിന് അൽപസമയം മുൻപ് പുഷ്‌പേന്ദ്രി, തന്റെ പിതാവിനെ വിളിക്കുകയും ഭർതൃഗൃഹത്തിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നാണ് വിവരം. ‘അച്ഛാ അവർ എന്നെ കൊല്ലു’മെന്ന് പുഷ്‌പേന്ദ്രി പറഞ്ഞിരുന്നെന്ന് പിതാവ് ബൽബീർ സിങ് പറഞ്ഞു. ഇക്കൊല്ലം ഫെബ്രുവരി 13-ാം തീയതിയാണ് പുഷ്‌പേന്ദ്രിയും ഗജ്‌റോലയിലെ ഖുമാവാലി ഗ്രാമസ്വദേശിയും കർഷകനുമായ ഓംപാലും തമ്മിലുള്ള വിവാഹം നടന്നത്. തങ്ങളെ കൊണ്ട് കഴിയുംവിധത്തിൽ സ്ത്രീധനം നൽകിയിരുന്നെന്നും എന്നാൽ ഓംപാലിന്റെ അസന്തുഷ്ടരായ മാതാപിതാക്കൾ വീണ്ടും പണം ആവശ്യപ്പെട്ടിരുന്നെന്നും പുഷ്‌പേന്ദ്രിയുടെ കുടുംബം പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പുഷ്‌പേന്ദ്രി തന്നെ വിളിച്ചിരുന്നെന്ന് ബൽബീർ പറഞ്ഞു. നിസ്സഹയായി ഫോണിലൂടെ കരഞ്ഞ മകൾ, തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ യാചിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളെ ആശ്വസിപ്പിക്കുകയും അവിടേക്ക് പോകാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ, അവിടേക്ക് എത്തുംമുന്നേ മകൾ മരിച്ച വിവരം അറിഞ്ഞു, ബൽബീർ കൂട്ടിച്ചേർത്തു. ഭർതൃകുടുംബം പുഷ്‌പേന്ദ്രിയെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ആത്മഹത്യയെന്ന് തോന്നിപ്പിക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
.jpg)

