പൂനെയിൽ പുതിയ മെട്രോ പാത തുറന്നു; നഗരഗതാഗതത്തിന് പുതിയ വേഗം
മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ പൂനെയിൽ 23 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 8,300 കോടിയിലധികം രൂപ ചെലവഴിച്ചാണ് പിങ്ക് ലൈൻ എന്നറിയപ്പെടുന്ന മെട്രോ പാത നിർമിച്ചിരിക്കുന്നത്. നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്.
പുതിയ മെട്രോ പാതയ്ക്ക് പുറമെ പൂനെയിൽ നാല് പുതിയ മെട്രോ ഇടനാഴികളുടെ നിർമാണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. നഗരത്തിലെ തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ പദ്ധതികൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
2014-ൽ രാജ്യത്തെ അഞ്ച് നഗരങ്ങളിൽ മാത്രമായിരുന്നു മെട്രോ സർവീസുകൾ ഉണ്ടായിരുന്നത്. ഇപ്പോൾ 26 നഗരങ്ങളിലേക്ക് മെട്രോ ശൃംഖല വ്യാപിച്ചതായും രാജ്യത്തെ പ്രവർത്തനക്ഷമമായ മെട്രോ പാതകളുടെ ആകെ ദൈർഘ്യം 1,200 കിലോമീറ്ററിലെത്തിയതായും ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
.jpg)

