നവി മുംബൈയിൽ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അയൽക്കാരൻ അറസ്റ്റിൽ


നവി മുംബൈ: നവി മുംബൈയിൽ ബാലികയെ കൊലപ്പെടുത്തിയ കേസിൽ അയൽക്കാരൻ അറസ്റ്റിൽ. ഓൺ ലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിനാൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
രണ്ടരവയസ്സുകാരി ഹർഷിക ശർമയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാണാതായ കുഞ്ഞിന്റെ മൃതദേഹം സ്വന്തം വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ ത്സാർഖണ്ഡ് സ്വദേശിയായ മുഹമ്മദ് അൻസാരി (29)യെ അറസ്റ്റ് ചെയ്തു.
ദേവിച്ച പാഡയിലെ മൗലി കൃപ ബിൽഡിംഗിന്റെ രണ്ടാം നിലയിലാണ് കുട്ടി മാതാപിതാക്കൾക്കും എട്ടുവയസ്സുള്ള മൂത്ത സഹോദരനുമൊപ്പം താമസിച്ചിരുന്നത്. മുഹമ്മദ് അൻസാരി ഭാര്യക്കും മൂന്ന് കുട്ടികൾക്കുമൊപ്പം ഹർഷിക ശർമയുടെ എതിർവശത്തുള്ള ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയുടെ മുകളിലത്തെ നിലയിൽ ഉപേക്ഷിച്ച നിലയിൽ രാത്രി വൈകിയാണ് മൃതദേഹം കണ്ടെത്തിയത്.

ജോലിക്ക് പോയിരുന്ന കുട്ടിയുടെ പിതാവിനെ ഉച്ചക്ക് ഒരു മണിയോടെ കുട്ടിയെ കാണാതായതായി ഭാര്യ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച രാത്രി തലോജ പോലീസിൽ പരാതി നൽകി.