നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലേക്ക്

cbi

ചോദ്യപേപ്പര്‍ കിട്ടിയെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ 200 വിദ്യാര്‍ത്ഥികളുടെ ലിസ്റ്റില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പര്‍ കിട്ടിയെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ 200 വിദ്യാര്‍ത്ഥികളുടെ ലിസ്റ്റില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് വിവരം. 

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക സംഘത്തില്‍ നിന്ന് അന്വേഷണം ഇന്നലെ സിബിഐ ഏറ്റെടുത്തിരുന്നു. ജയ്പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകള്‍ ശേഖരിച്ചു. മാതൃകാ ചോദ്യപേപ്പര്‍ എന്ന നിലയില്‍ പ്രചരിച്ച ചോര്‍ത്തിയ ചോദ്യങ്ങള്‍ ആര്‍ക്കൊക്കെ കിട്ടി എന്നതില്‍ രാജസ്ഥാന്‍ പൊലീസ് വിവരം ശേഖരിച്ചിരുന്നു. 200 വിദ്യാര്‍ത്ഥികളുടെയും 75 മാതാപിതാക്കളുടെയും വിവരങ്ങളാണ് രാജസ്ഥാന്‍ പൊലീസ് ശേഖരിച്ചത്. ഇതില്‍ ചിലരെ പൊലീസ് ചോദ്യം ചെയ്തു. ഈ രേഖകള്‍ അടക്കമാണ് സിബിഐക്ക് കൈമാറിയത്. കൈമാറിയ രേഖയില്‍ കേരളത്തിലെ രണ്ട് ജില്ലകളില്‍ നിന്നുള്ള ചില വിദ്യാര്‍ത്ഥികള്‍ക്കും മാതൃക ചോദ്യപേപ്പര്‍ കിട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരെ സിബിഐ ചോദ്യം ചെയ്‌തേക്കും. കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന രാജസ്ഥാന്‍ സ്വദേശിയായ വിദ്യാര്‍ത്ഥി വഴിയാണ് സിക്കറിലേക്ക് ആദ്യഘട്ടത്തില്‍ ചോര്‍ത്തിയ ചോദ്യപേപ്പര്‍ എത്തിയത്. ഇയാള്‍ വഴിയാണോ കേരളത്തിലും ഇത് പ്രചരിച്ചതെന്ന് സിബിഐ അന്വേഷിക്കും. നിലവില്‍ നാല് സംഘങ്ങളെയാണ് സിബിഐ അന്വേഷണത്തിനായി നിയോഗിച്ചത്.

Tags