നീറ്റ്, ലഡാക്ക് വിഷയം : ജൂൺ 27-നകം ഏതെങ്കിലും ഒന്നിൽ പരിഹാരം വേണമെന്ന് സോനം വാങ്ചുക്ക്

sonamwanchuk

 ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിലെ ഉത്തരവാദിത്തം നിശ്ചയിക്കുക, ലഡാക്കിന്റെ പരിസ്ഥിതി-സാംസ്കാരിക വിഷയങ്ങൾ പരിഹരിക്കുക എന്നീ രണ്ട് ആവശ്യങ്ങളിൽ ഏതെങ്കിലും ഒന്ന് ജൂൺ 27നകം സർക്കാർ പരിഹരിച്ചില്ലെങ്കിൽ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. നിലവിൽ സ്വിറ്റ്സർലൻഡിലുള്ള വാങ്ചുക്ക്, എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ മുന്നറിയിപ്പ് നൽകിയത്.

ജനീവയിലെ പാലൈസ് ഡെസ് നേഷൻസിന് മുന്നിൽ നിന്നുകൊണ്ട്, ഡൽഹിയിലെ ജന്തർ മന്തറിന് സമാനമായ പ്രതിഷേധ വേദിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ‘വിദ്യാഭ്യാസവും പരിസ്ഥിതിയുമാണ് എന്റെ രണ്ട് പ്രധാന വിഷയങ്ങൾ. ഈ ആഴ്ചക്കുള്ളിൽ ഇതിൽ ഒന്നെങ്കിലും പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ വാങ്ചുക് കുറിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തുന്ന കോക്രോച്ച് ജനത പാർട്ടിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് വാങ്ചുക്ക് തന്റെ ആവശ്യങ്ങൾ ആദ്യം ഉന്നയിച്ചത്. ‘ശനിയാഴ്ചയ്ക്കകം മറുപടി ലഭിച്ചില്ലെങ്കിൽ ഞാനും നിങ്ങളോടൊപ്പം നിരാഹാര സമരത്തിൽ പങ്കുചേരും,’ വാങ്ചുക് പറഞ്ഞു.

വിദ്യാഭ്യാസത്തെ ബാധിക്കുന്ന തീരുമാനങ്ങളിൽ പൗരന്മാർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും, ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷണവും സാംസ്കാരിക പൈതൃകവും സംബന്ധിച്ച വിഷയങ്ങളിൽ അവിടുത്തെ ജനങ്ങളുമായി കൂടിയാലോചന നടത്തണമെന്നും വാങ്ചുക്ക് വാദിച്ചു.

ജൂൺ 6-നാണ് നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി​.ജെ.പി ആദ്യമായി ജന്തർ മന്തറിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. വിവിധ നഗരങ്ങളിൽ പ്രതിഷേധം നടത്തിയതിന് ശേഷം, കഴിഞ്ഞ ഞായറാഴ്ച മുതൽ ഡൽഹിയിൽ വീണ്ടും സമരം തുടരുകയാണ്. ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയോ അല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ഇവർ. 

Tags