തമിഴ്നാട് നിയമസഭയിൽ ദേശീയഗാനം പാടിയില്ല, മൈക്ക് ആവർത്തിച്ച് ഓഫാക്കി; നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ഇറങ്ങിപ്പോയി

The national anthem was not sung in the Tamil Nadu Assembly, the microphone was repeatedly turned off; the Governor left without delivering his policy speech

ചെന്നൈ: തമിഴ്‌നാട് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി ദേശീയഗാനം അവതരിപ്പിക്കണമെന്ന നിർദേശം സർക്കാർ അവഗണിച്ചതിനെ തുടർന്ന് ഗവർണർ ക്ഷുഭിതനായി  നയപ്രഖ്യാപന പ്രസംഗം നടത്താതെ നിയമസഭ വിട്ടു. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനത്തോടൊപ്പം ദേശീയ ഗാനം ആലപിക്കണമെന്നായിരുന്നു തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ നിലപാട്.

tRootC1469263">

''ദേശീയ ഗാനം വീണ്ടും അനാദരിക്കപ്പെട്ടു, ഭരണഘടനാപരമായ കടമ അവഗണിക്കപ്പെട്ടു.' പിന്നീട് നടത്തിയ പ്രസ്താവനയിൽ ആർ.എൻ. രവി പറഞ്ഞു. ഗവർണറുടെ ഇറങ്ങിപ്പോക്കിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് തമിഴ്നാട് ലോക് ഭവൻ നടത്തിയ പ്രസ്താവനയിൽ ഗവർണറുടെ മൈക്ക് ആവർത്തിച്ച് ഓഫാക്കുകയും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ആരോപിക്കുകയും ചെയ്തു.

മാസങ്ങൾക്കു മുമ്പേ തുടങ്ങിയ ഗവർണറും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഡിഎംകെ സർക്കാരും തമ്മിലുള്ള തർക്കത്തിന്റെ ഏറ്റവും അവസാനരംഗത്തിനാണ് ഇന്ന് സംസ്ഥാന നിയമസഭ വേദിയായത്. പ്രോട്ടോകോൾ അനുസരിച്ച് നിയമസഭയിൽ ആദ്യത്തെ പ്രസംഗം നടത്തേണ്ടിയിരുന്നത് ഗവർണറായിരുന്നു. എങ്കിലും, സംസ്ഥാന ഗാനം ആലപിച്ചതിന് ശേഷം ആശയക്കുഴപ്പം ഉടലെടുക്കുകയും തമിഴിൽ ഹ്രസ്വമായ അഭിവാദ്യം നൽകിയ ശേഷം ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

സർക്കാർ വായിക്കാൻ നൽകിയ നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ചും ലോക്ഭവന്റെ പ്രസ്താവനയിൽ രൂക്ഷമായ വിമർശനം ഉയർത്തി. ''നയപ്രഖ്യാപനത്തിൽ തെളിവില്ലാത്ത അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും അടങ്ങിയിരിക്കുന്നു. ജനങ്ങളെ അലട്ടുന്ന പല പ്രധാന പ്രശ്‌നങ്ങളും അവഗണിക്കപ്പെട്ടു.'

സംസ്ഥാനം 12 ലക്ഷം കോടി രൂപയുടെ വലിയ നിക്ഷേപം ആകർഷിച്ചു എന്ന അവകാശവാദം സത്യത്തിൽനിന്ന് വളരെ അകലെയാണ് എന്ന് പ്രസ്താവനയിൽ പറയുന്നു. 'നിക്ഷേപകരുമായുള്ള പല ധാരണാപത്രങ്ങളും കടലാസിൽ മാത്രം ഒതുങ്ങുന്നു. യഥാർത്ഥ നിക്ഷേപം ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. നിക്ഷേപ ഡാറ്റ അനുസരിച്ച് തമിഴ്നാട് നിക്ഷേപകർക്ക് ആകർഷകമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. നാല് വർഷം മുമ്പ് വരെ, സംസ്ഥാനങ്ങളിൽ വിദേശനേരിട്ടുള്ള നിക്ഷേപം സ്വീകരിക്കുന്നതിൽ തമിഴ്നാട് നാലാം സ്ഥാനത്തായിരുന്നു. ഇന്ന്, ഇത് ആറാം സ്ഥാനത്തെങ്കിലും നിലനിർത്താൻ പാടുപെടുകയാണ്.' പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷാ പ്രശ്‌നങ്ങളുമായി ഗവർണറുടെ ഇറങ്ങിപ്പോക്ക് ബന്ധപ്പെടുത്തിയിട്ടുണ്ട്, കൂടാതെ സംസ്ഥാന സർക്കാർ ഇത് പൂർണ്ണമായും അവഗണിച്ചതായി ആരോപിക്കുന്നു. പോക്‌സോ ബലാത്സംഗ കേസുകളിൽ 55 ശതമാനത്തിലധികം വർദ്ധനവും സ്ത്രീകളുടെ ലൈംഗിക അതിക്രമ കേസുകളിൽ 33 ശതമാനത്തിലധികം വർദ്ധനവും ഉണ്ടായിട്ടും അവഗണിക്കപ്പെട്ടു. ദളിതർക്കെതിരായ അതിക്രമങ്ങളും ദളിത് സ്ത്രീകളോടുള്ള ലൈംഗിക അതിക്രമങ്ങളും വർധിച്ചു വരുന്നു. പ്രസ്താവനയിൽ പറയുന്നു.

സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ട്രസ്റ്റി ബോർഡ് ഇല്ലെന്നും സംസ്ഥാന സർക്കാർ നേരിട്ട് ഭരിക്കുകയാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. പഴക്കം ചെന്ന ക്ഷേത്രങ്ങളുടെ പുനഃസ്ഥാപനത്തെയും സംരക്ഷണത്തെയും സംബന്ധിച്ച മദ്രാസ് ഹൈക്കോടതിയുടെ നിർണായക നിർദ്ദേശങ്ങൾ അഞ്ച് വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്നും നിയമസഭയിൽനിന്ന് ഗവർണർ ആർ.എൻ. രവി ഇറങ്ങിപ്പോയതിനുള്ള കാരണങ്ങൾ വിശദീകരിക്കുന്ന പ്രസ്താവനയിൽ പറയുന്നു.
 

Tags