അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹായി നസീം ദുറാനി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി : ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം ഒരാളെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയായ ഗുണ്ടാതലവൻ നസീം ദുറാനി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ദുറാനിക്ക് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഡൽഹി പോലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടത്.
നവംബർ 16-ന് വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ വെച്ച് 26കാരനായ സമീറിന് നേരെ ഇയാൾ ഏകദേശം 20 റൗണ്ട് വെടിയുതിർത്തതായാണ് ആരോപണം. മുസ്തഫാബാദ് സ്വദേശിയായ സമീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.നസീം ദുറാനി സംഘവും ഹാരൂൺ സെയ്ഫി സംഘവും തമ്മിൽ നിലനിൽക്കുന്ന കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
സമീറിനെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ജില്ലാ പോലീസ് അടുത്തിടെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചിരുന്നു.ദാവൂദിന്റെ അടുത്ത അനുയായിയും ഗുണ്ടാസംഘത്തലവനുമായ ഛോട്ടാ ഷക്കീലുമായി നസീം ദുറാനി ബന്ധം പുലർത്തിയിരുന്നു.2016-ൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തലവൻ ഛോട്ടാ രാജനെ വധിക്കാൻ ഷക്കീൽ ദുറാനിയെ ചുമതലപ്പെടുത്തിയിരുന്നു.പാകിസ്താനി-കനേഡിയൻ മാധ്യമപ്രവർത്തകൻ താരീഖ് ഫത്തായെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിലും ദുറാനി പ്രതിയായിരുന്നു.
.jpg)

