രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടു ; മഹിളാ കോൺഗ്രസ്

modi

 ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടെന്ന് മഹിളാ കോൺഗ്രസ്.കഴിഞ്ഞ പത്ത് വർഷത്തെ കാലയളവിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ വർധിച്ചെന്ന് കാണിക്കുന്ന ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി)യുടെ ഡേറ്റ ഉദ്ധരിച്ചാണ് ആരോപണം.

2014 മുതൽ 2024 വരെയുള്ള മോദി സർക്കാർ ഭരണകാലത്ത് രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 42,85,888 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ അൽക്ക ലാംബ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.കേസുകളുടെ എണ്ണം 2014ൽ 3.40 ലക്ഷം ആയിരുന്നത് 2024 ൽ 4.42 ലക്ഷമായി വർധിച്ചു.

ഓരോ ദിവസവും പത്ത് ദലിത് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു.ഓരോ 70 മിനിറ്റിലും ഒരു സ്ത്രീ വീതം അതിക്രമത്തിന് ഇരയാകപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.ഉത്തർപ്രദേശ്, മഹാരാഷ്‍ട്ര, രാജസ്ഥാൻ, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച അവർ ബേട്ടി ബചാവോ, നാരീ വന്ദൻ മുതലായ ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ പൊള്ളയാണെന്ന് ആരോപിച്ചു.ദേശീയ തലസ്ഥാനത്തുപോലും സ്ത്രീകൾ സുരക്ഷിതരല്ല. സ്വാധീനശേഷിയുള്ള നേതാക്കളെ ശിക്ഷയിൽ നിന്ന് സംരക്ഷിക്കുന്ന ഭരണകക്ഷി എപ്‍സ്റ്റീൻ ഫയൽ പോലുള്ള വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അവർ ആരോപിച്ചു.

Tags