ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചത് ; നരേന്ദ്ര മോദി


ന്യൂഡല്‍ഹി: മോദിയെന്ന പേരല്ല ഇന്ത്യന്‍ ജനതയാണ് തന്റെ കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനും പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാന്റെ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകയുദ്ധങ്ങളിലെല്ലാം സമാധാനം എത്രയും വേഗം പുനസ്ഥാപിക്കപ്പെടും എന്ന് പ്രതീക്ഷിക്കാമെന്നും സമാധാനത്തെ കുറിച്ചുള്ള ഇന്ത്യയുടെ വാക്കുകള്‍ ലോകം ശ്രവിക്കുന്നത് ഇത് ഗാന്ധിയുടെയും ബുദ്ധന്റെയും മണ്ണായതിനാലാണ്. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായാണ് താന്‍ ആദ്യമായി നിരാഹാരം അനുഷ്ഠിച്ചതെന്നും അഭിമുഖത്തില്‍ മോദി പറഞ്ഞു.
അതിന് ശേഷം കേവലം ഭക്ഷണം ഒഴിവാക്കുന്നതിനപ്പുറം നിരാഹാരത്തിന് പ്രത്യേകതകളുണ്ടെന്ന് മനസിലാക്കി. ഇതിന് ശേഷം പല പരീക്ഷണങ്ങളിലൂടെ തന്റെ ശരീരത്തെയും മനസിനെയും താന്‍ ശുദ്ധീകരിച്ചു. ജൂണ്‍ മാസം പകുതി മുതല്‍ നവംബര്‍ ദീപാവലി വരെ നാലര മാസത്തോളം താന്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് വൃതം നോല്‍ക്കാറുണ്ട്. ഇത് പൗരാണിക കാലം തൊട്ട് ഇന്ത്യയില്‍ ജനങ്ങള്‍ പാലിക്കുന്ന ശീലമാണെന്നും മോദി അഭിമുഖത്തില്‍ പറഞ്ഞു.
മഹാത്മാഗാന്ധിയെ ഒരിക്കലും താനുമായി താരതമ്യപ്പെടുത്താനാകില്ലെന്നും മോദി പറഞ്ഞു. മഹാത്മാ ഗാന്ധി 20ാം നൂറ്റാണ്ടിലെയും മോദി 21ാം നൂറ്റാണ്ടിലെയും പ്രധാന നേതാവാണെന്ന പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇനിയുള്ള നൂറ്റാണ്ടുകളിലും ഗാന്ധിജിയുടെ മഹിമ നിലനില്‍ക്കും. ഗാന്ധിജിയിലൂടെ രാജ്യത്തെയും എന്നും ലോകമോര്‍ക്കും. താന്‍ രാജ്യത്തിന്റെ മഹത്വത്തിന് മുന്നില്‍ ഒന്നുമല്ലെന്നും മോദി പറഞ്ഞു.
