'നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല, വില്പനയ്ക്കും വെച്ചിട്ടില്ല, കൈമാറുന്നത് നിയമവിരുദ്ധം'; പെന്‍ഗ്വിന്‍
പകര്‍പ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങള്‍ മൂലം കുറ്റകരമാണെന്നും കമ്പനി പറഞ്ഞു.
ജനറല്‍ മനോജ് മുകുന്ദ് നരവനെയുടെ ഓര്‍മക്കുറിപ്പ് 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നതില്‍ പ്രതികരണവുമായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകര്‍പ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങള്‍ മൂലം കുറ്റകരമാണെന്നും കമ്പനി പറഞ്ഞു. ഇത്തരത്തില്‍ കൈമാറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നതില്‍ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോര്‍ന്നു, ആര് ചോര്‍ത്തി എന്നുമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.
ഇതിന് പുറമെ പല വെബ്സൈറ്റുകളും പുസ്തകം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെന്‍ഗ്വിന്‍ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ല. അതിന് മുന്‍പേതന്നെ എങ്ങനെ പ്രചരിച്ചു എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
.jpg)


