നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്: മിലന്‍ പ്രധാനെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

milan pradhan

2007 ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ പതിനെട്ടിനായിരുന്നു മിലന്‍ പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ അനുവദിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. 2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ മിലന്‍ പ്രധാനെതിരെ ഒക്ടോബര്‍ പന്ത്രണ്ട് വരെ നടപടികള്‍ സ്വീകരിക്കരുതെന്നും കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയാണ് നിര്‍ദേശം നല്‍കിയത്.

2007 ലെ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ പതിനെട്ടിനായിരുന്നു മിലന്‍ പ്രധാനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മിലന്‍ പ്രധാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇതിന് പിന്നാലെ തന്റെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ പഴയ കേസുകള്‍ കരുവാക്കുകയാണെന്ന പരാതിയുമായി മിലന്‍ പ്രധാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

പത്തൊന്‍പത് വര്‍ഷം പഴക്കമുള്ള കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ അപേക്ഷ നല്‍കിയതില്‍ ഹൈക്കോടതി കടുത്ത അതൃപ്തി അറിയിച്ചു. മുന്‍പ് കേസ് പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു കേസിനെക്കുറിച്ച് കോടതിയെ അറിയിച്ചില്ലെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ പറഞ്ഞു. തുടര്‍ന്ന് മിലന്‍ പ്രധാനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് വോട്ടേണ്ണല്‍ നടക്കുന്നത്.

Tags