നന്ദമുരി ബാലകൃഷ്ണ ജൂറി ചെയർമാൻ, അല്ലു അരവിന്ദ് അംഗം; ആന്ധ്ര സർക്കാരിന്റെ ചലച്ചിത്ര അവാർഡ് സമിതി നിയമനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

Nandamuri Balakrishna as jury chairman, Allu Aravind as member; Social media trolls after Andhra government appoints film awards committee

അമരാവതി: 2025-ലെ ചലച്ചിത്ര പുരസ്കാരങ്ങളുടെ തിരഞ്ഞെടുപ്പ് നടപടികൾക്കായി ആന്ധ്രാപ്രദേശ് സർക്കാർ പ്രത്യേക ജൂറി സമിതി രൂപീകരിച്ചു. തെലുങ്ക് സൂപ്പർതാരവും ഹിന്ദുപുർ എംഎൽഎയുമായ നന്ദമുരി ബാലകൃഷ്ണയെയാണ് ജൂറി ചെയർമാനായി നിയമിച്ചിരിക്കുന്നത്. പ്രമുഖ നിർമാതാവ് അല്ലു അരവിന്ദിനെയും സമിതിയിൽ അംഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമനവാർത്ത പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും ട്രോളുകളുമാണ് നിറയുന്നത്.

നവംബർ 26-ന് പുറത്തിറക്കിയ G.O.Rt.No.2213 ഉത്തരവ് പ്രകാരമാണ് സർക്കാർ പുതിയ ജൂറി രൂപീകരിച്ചത്. ബാലകൃഷ്ണയ്ക്കും അല്ലു അരവിന്ദിനും പുറമെ പ്രശസ്ത ഛായാഗ്രാഹകൻ എസ്. ഗോപാൽ റെഡ്ഡി, മുതിർന്ന നടി പ്രഭ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഫിലിം, ടെലിവിഷൻ ആൻഡ് തിയേറ്റർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (APSFTVTDC) മാനേജിങ് ഡയറക്ടറുടെ ശുപാർശകൾ പരിഗണിച്ചാണ് നിയമനം.

നിയമനവാർത്തയെ പരിഹാസരൂപത്തിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 'മികച്ച ചിത്രം അഖണ്ഡ 2, മികച്ച നടൻ ബാലകൃഷ്ണ' എന്ന തരത്തിലുള്ള കമന്റുകളാണ് ട്രോളുകളായി പ്രചരിക്കുന്നത്. ബാലകൃഷ്ണ തന്നെ ജൂറി അധ്യക്ഷനായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സിനിമകൾക്ക് പുരസ്കാരം ലഭിക്കുമെന്ന പരിഹാസങ്ങളും ഉയരുന്നുണ്ട്. നിയമനത്തിന്റെ മാനദണ്ഡങ്ങളെക്കുറിച്ചും ചിലർ വിമർശനങ്ങൾ ഉന്നയിക്കുന്നു.

അതേസമയം, ബാലകൃഷ്ണയുടെയും അല്ലു അരവിന്ദിന്റെയും രാഷ്ട്രീയ ബന്ധങ്ങളും നിയമനത്തിന് പിന്നാലെ ചർച്ചയാകുന്നുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാസഹോദരനാണ് ബാലകൃഷ്ണ. ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യാസഹോദരനാണ് അല്ലു അരവിന്ദ്. അതിനാൽ മകൻ അല്ലു അർജുന്റെ സിനിമകൾക്കും അവാർഡ് ഉറപ്പിക്കാമെന്ന തരത്തിലുള്ള പരിഹാസങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Tags