നാഗ്​പൂരിൽ ജി 20 മീറ്റിംഗ്​ ഡെക്കറേഷന്​ വെച്ച ചെടികൾ ബി.എം.ഡബ്ല്യു കാറിലെത്തി ചട്ടിയോടെ മോഷ്ടിച്ച സംഭവം : രണ്ട പേർ അറസ്റ്റിൽ

chedi

നാഗ്പൂർ: ജി 20 മീറ്റിംഗുകൾക്ക് മുന്നോടിയായുള്ള സൗന്ദര്യവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി റോഡരികിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ മോഷ്ടിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ബി.എം.ഡബ്ല്യു കാറിൽ ചട്ടിയിൽ ചെടികൾ കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

25ഉം 22ഉം വയസുള്ള പ്രതികൾ നാഗ്പൂർ സ്വദേശികളാണെന്ന് നഗരത്തിലെ റാണാ പ്രതാപ് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മങ്കേഷ് കാലെ പറഞ്ഞു. ജി 20 മീറ്റിംഗുകൾക്കുള്ള പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി ഛത്രപതി സ്‌ക്വയർ മുതൽ ഹോട്ടൽ റാഡിസൺ ബ്ലൂ വരെയുള്ള റോഡ് ഡിവൈഡറിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞ് സിവിൽ ഉദ്യോഗസ്ഥർ ചെടിച്ചട്ടികൾ നിരത്തിയിരുന്നു.

മാർച്ച് 20 മുതൽ 22 വരെ നഗരം ജി 20 മീറ്റിംഗുകൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെയാണ്​ മോഷണം. ബുധനാഴ്ച രാത്രി ബി.എം.ഡബ്ല്യു കാറിൽ വന്ന പ്രതികൾ കാറിന്റെ ഡിക്കി സ്​പേസിൽ കയറ്റി മൂന്ന് ചെടികൾ കൊണ്ടുപോയതായി സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന്​ വ്യക്​തമായത്​. വീഡിയോ വൈറലായതോടെ, മോഷണത്തിനും പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരവും പൊലീസ് എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്​. സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് കാറും പ്രതികളെയും തിരിച്ചറിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Share this story