മണിപ്പൂരിലെ സേനാപതിയിൽ നാഗ - കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ശക്തം
ഇംഫാൽ : മണിപ്പൂരിലെ സേനാപതിയിൽ നാഗാ കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിലടക്കം കൂടുതൽ സേനയെ വിന്യസിച്ചു. ബോംബാക്രമണത്തിനിടെ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.
ഒരിടവേളക്ക് ശേഷം കലുഷിതമാവുകയാണ് മണിപ്പൂർ. ട്രോൺഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണമാണ് വീണ്ടും സംഘർഷങ്ങളിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട കുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് നാഗ കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അക്രമങ്ങളിൽ നിരവധിപേർക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.
കുക്കി വിമതർ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണത്തിൽ രണ്ട് നാഗാ വംശജർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നാഗ കൗൺസിൽ (UNC) നാഗാ മേഖലകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഈ ഹർത്താലും റോഡ് ഉപരോധവും നടപ്പിലാക്കുന്നതിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവസ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല.
പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത് സാഹചര്യം കൂടുതൽ സങ്കീർണമാക്കി. സി.ആർ.പി.എഫ് ക്യാമ്പിലേക്ക് നടത്തിയ പ്രതിഷേധത്തിൽ സൈനിക ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അഞ്ചുപേർ കൊല്ലപ്പെട്ടു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇംഫാൽ വെസ്റ്റിലും സേനാപതിയിലും ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി കൂടുതൽ സേനയെയും മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. സാഹചരര്യം വിലയിരുത്താൻ ഉന്നത തല പൊലീസ് സംഘം ഇന്ന് ഇംഫാലിൽ സന്ദർശനം നടത്തും.
.jpg)

