വിഴിഞ്ഞം പുറംകടലിൽ കുടുങ്ങിയ ‘എം.വി. സോളിസ്’ വിദേശ എണ്ണക്കപ്പലിന് ഇന്ധനം എത്തിച്ചു

‘M.V. Solis’ stranded in Vizhinjam offshore waters delivers fuel to foreign oil tanker

 കന്യാകുമാരിക്ക് സമീപം വെച്ച് മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് വിഴിഞ്ഞം പുറംകടലിൽ തടഞ്ഞിട്ടിരിക്കുന്ന ‘എം.വി. സോളിസ്’ എന്ന വിദേശ എണ്ണക്കപ്പലിന് ഒന്നേകാൽ ലക്ഷത്തിലേറെ ലിറ്റർ ഇന്ധനം എത്തിച്ചുനൽകി. കേരള മാരിടൈം ബോർഡിന്റെ മേൽനോട്ടത്തിൽ ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സംവിധാനത്തിലൂടെയാണ് മെയ് മൂന്നിന് ഇന്ധനം കൈമാറിയത്. വിഴിഞ്ഞം പുറംകടലിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം സജ്ജമാക്കുന്നത്.

രണ്ടാഴ്ച മുൻപ് കപ്പലിലെ ഇന്ധനം പൂർണ്ണമായും തീരാറായെന്നും എൻജിൻ പ്രവർത്തനരഹിതമായി കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്നും ക്യാപ്റ്റൻ വാൻടുവാൻ മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലിലെ ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും തീർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് നൽകിയ നിർദ്ദേശപ്രകാരമാണ് അടിയന്തരമായി ഇന്ധനമെത്തിക്കാൻ നടപടിയുണ്ടായത്. കൊച്ചിയിൽ നിന്നും എം.ടി. ജെനിസിസ് എന്ന ബാർജിലാണ് ഒന്നേകാൽ ലക്ഷത്തോളം ലിറ്റർ ഡീസൽ വിഴിഞ്ഞത്ത് എത്തിച്ചത്. രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ബങ്കറിങ് നടപടികൾ ഉച്ചയ്ക്ക് ഒരു മണിയോടെ പൂർത്തിയായി.

കഴിഞ്ഞ മാർച്ച് ഏഴിന് കന്യാകുമാരി മുട്ടം തുറമുഖത്തിന് സമീപം വെച്ചാണ് എം.വി. സോളിസ് നീണ്ടകര സ്വദേശിയുടെ ട്രോളർ ബോട്ടിനെ ഇടിച്ചുതകർത്തത്. അപകടത്തിൽ ബോട്ട് രണ്ടായി പിളരുകയും രണ്ട് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാവുകയും ചെയ്തിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്തേക്ക് മാറ്റുകയായിരുന്നു. കോടതി നടപടികൾ പൂർത്തിയാകാത്തതിനാലാണ് കപ്പൽ കഴിഞ്ഞ രണ്ടുമാസമായി വിഴിഞ്ഞം പുറംകടലിൽ തന്നെ നങ്കൂരമിട്ടിരിക്കുന്നത്.

Tags