വിവാഹസമയത്ത് ഭർത്താവിന് പിതാവ് നൽകിയ പണവും സ്വർണാഭരണങ്ങളും തിരിച്ചെടുക്കാൻ മുസ്‍ലിം വിവാഹമോചിതയ്ക്ക് അർഹതയുണ്ട് -സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹസമയത്ത് ഭർത്താവിന് തന്റെ പിതാവ് നൽകിയ സ്ത്രീധനം തിരിച്ചുകിട്ടാൻ വിവാഹമോചിതയായ മുസ്‌ലിം സ്ത്രീക്ക് അർഹതയുണ്ടെന്ന് സുപ്രീംകോടതി. 1986-ലെ മുസ്‌ലിംസ്ത്രീ വിവാഹമോചന അവകാശസംരക്ഷണനിയമം ഇതിനുള്ള അർഹത നൽകുന്നുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
tRootC1469263">പിതാവ് ഭർത്താവിന് നൽകിയതും വിവാഹരജിസ്റ്ററിൽ (ഖ്വാബിൽനാമ) രേഖപ്പെടുത്തിയതുമായ ഏഴുലക്ഷം രൂപയും സ്വർണാഭരണങ്ങളും തിരിച്ചുകിട്ടണമെന്ന, വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ പരാതി കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേ നൽകിയ അപ്പീലിൽ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2005-ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. 2009 മുതൽ വേർപിരിഞ്ഞുകഴിഞ്ഞ ദമ്പതിമാർ 2011-ൽ വിവാഹമോചിതരായി. തുടർന്നാണ് ഏഴുലക്ഷം രൂപയും സ്വർണാഭരണങ്ങളുമടക്കം 17.67 ലക്ഷം രൂപയുടെ വിവാഹസമ്മാനങ്ങൾ തിരിച്ചുകിട്ടാൻ പരാതിക്കാരി നടപടിയാരംഭിച്ചത്.
വിവാഹ രജിസ്ട്രാറുടെയും വധുവിന്റെ പിതാവിന്റെയും മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൽക്കട്ട ഹൈക്കോടതി പരാതി തള്ളിയത്. ആർക്കാണ് നൽകുന്നതെന്ന് വ്യക്തമാക്കാതെയാണ് തുക രേഖപ്പെടുത്തിയതെന്നാണ് രജിസ്ട്രാർ അറിയിച്ചത്. വരന്റെ വീട്ടുകാർക്കാണ് പണം നൽകിയതെന്ന് വധുവിന്റെ പിതാവ് പറഞ്ഞു.
സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം നിയമത്തെ വ്യാഖ്യാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകണമെന്ന് ഭർത്താവിന് നിർദേശം നൽകിയ സുപ്രീംകോടതി, വൈകുന്നപക്ഷം ഒമ്പതുശതമാനം പലിശ നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പുനൽകി.
.jpg)

