കൊല്ലപ്പെട്ട മണിപ്പൂരി സംഗീതജ്ഞന്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം ; മരണ കാരണം ആന്തരിക രക്തസ്രാവം

vikram

നെഞ്ചിലും വയറ്റിലുമേറ്റ ശക്തമായ ആഘാതങ്ങള്‍ വലിയതോതിലുള്ള രക്തസ്രാവത്തിന് കാരണമായി.

മണിപ്പൂരി സംഗീതജ്ഞന്‍ ചോങ്താം വിക്രം സിങ്ങിന്റെ മരണകാരണം നെഞ്ചിലും വയറ്റിലുമേറ്റ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വാരിയെല്ലുകള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കടുത്ത ശാരീരിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ദില്ലി എയിംസിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു.

നെഞ്ചിലും വയറ്റിലുമേറ്റ ശക്തമായ ആഘാതങ്ങള്‍ വലിയതോതിലുള്ള രക്തസ്രാവത്തിന് കാരണമായി.
പോസ്റ്റുമോര്‍ട്ടത്തില്‍, വിക്രം സിങ്ങിന്റെ തല, മുഖം, കൈകള്‍, നെഞ്ച്, വയറ്, പുറം, കാലുകള്‍ എന്നിവിടങ്ങളില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇടതുവശത്തെ ഒന്ന് മുതല്‍ 11 വരെയുള്ള വാരിയെല്ലുകളും വലതുവശത്തെ ആറുമുതല്‍ ഒന്‍പതുവരെയുള്ള വാരിയെല്ലുകളും പൊട്ടിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തില്‍ നിരവധി പോറലുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്.ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും വിഷാംശം കണ്ടെത്താനുള്ള പരിശോധനയ്ക്കുമായി അയച്ചിട്ടുണ്ട്.

54 വയസ്സുകാരനായ വിക്രം സിങ്, ദില്ലിയിലെ കിലോകാരി ഗ്രാമത്തിലെ സണ്‍ലൈറ്റ് കോളനിയില്‍ വെച്ചാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. 
പൊലീസ് എഫ്‌ഐആര്‍ പ്രകാരം, സൗത്ത് ദില്ലിയിലെ ആശ്രമം ഏരിയയിലുള്ള വിക്രം സിങ്ങിന്റെ വീടിന് പുറത്ത് ഒരു സംഘം ആളുകള്‍ ബഹളമുണ്ടാക്കിയത് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അക്രമികള്‍ അദ്ദേഹത്തെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബര്‍ ഏഴിന് പ്രതികള്‍ കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകയറി, മൂന്ന് നിലകളോളം വിക്രം സിങ്ങിനെ ഓടിച്ചിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിക്രം സിങ്ങിനെ രക്ഷിക്കാനായില്ല.

നേരത്തെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയവര്‍ തന്നെയാണ് അക്രമികളെന്ന് വിക്രം സിങ്ങിന്റെ ഭാര്യ പിന്നീട് തിരിച്ചറിഞ്ഞു. ആക്രമണത്തിന് ശേഷം പ്രതികള്‍ കെട്ടിടത്തില്‍നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ എട്ട് പ്രതികളെ കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags