ഭര്‍ത്താവിന്റെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ കൊലപാതകം; സിസിഎല്‍ ജീവനക്കാരന്റെ ഭാര്യയും കാമുകനും അറസ്റ്റില്‍

murder

ഭര്‍ത്താവ് മരിച്ചാല്‍ സിസിഎല്ലില്‍ ജോലി നേടാമെന്നും കാമുകനെ വിവാഹം കഴിക്കാമെന്നും കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഭര്‍ത്താവിനെ കൊലപ്പെടുത്തി സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഭാര്യയും കാമുകനും പ്രായപൂര്‍ത്തിയാകാത്ത കൂട്ടാളിയും അറസ്റ്റില്‍. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് (സിസിഎല്‍) ജീവനക്കാരനായ മംഗ്ലേഷ് പാല്‍ എന്ന ഹാപ്പിയാണ് കൊല്ലപ്പെട്ടത്. ഹസാരിബാഗിലെ ഗിഡ്ഡിയില്‍ ഒക്ടോബര്‍ 18-നായിരുന്നു സംഭവം.

മംഗ്ലേഷിന്റെ ഭാര്യ സോണാലി കുമാരി എന്ന നീതു (23), ബന്ധുവും കാമുകനുമായ കൗശിക് കുമാര്‍ നൗനിയ (23) എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ഭര്‍ത്താവ് മരിച്ചാല്‍ സിസിഎല്ലില്‍ അനുകമ്പാ നിയമനത്തിലൂടെ ജോലി നേടാമെന്നും കാമുകനെ വിവാഹം കഴിക്കാമെന്നും കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയ അജ്ഞാതസംഘം ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും തന്നെ കെട്ടിയിട്ടെന്നുമായിരുന്നു യുവതി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ വിശദമായ അന്വേഷണത്തിലും മൊഴികളിലെ വൈരുധ്യങ്ങളിലും സംശയം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചന പുറത്തുവന്നത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍, രക്തം പുരണ്ട വസ്ത്രങ്ങള്‍, തെളിവുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച മോപ്പ്, കത്തിച്ച മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന പ്രതികളെ ജയിലിലേക്കും പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കേന്ദ്രത്തിലേക്കും മാറ്റി. അന്വേഷണം തുടരുകയാണ്

Tags