അഞ്ചുവയസുകാരിയുടെ കൊലപാതകം ; മുന്‍ സെക്യൂരിറ്റി ജീവനക്കാരനായി അന്വേഷണം ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള പകമൂലം ക്രൂരത
വൈകുന്നേരം സ്വന്തം വില്ലയ്ക്ക് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.
തെലങ്കാനയിലെ സെക്കന്ദരാബാദിന് സമീപത്ത് നിന്ന് കാണാതായ അഞ്ച് വയസുകാരി കൊല്ലപ്പെട്ടനിലയില്‍. കൃഷി ശാസ്ത്രജ്ഞനായ ഫെര്‍ണാണ്ടസ് മോസസിന്റെ അഞ്ച് വയസ്സുള്ള മകള്‍ ഔറേലി മോസസ് ഫെര്‍ണാണ്ടസ് ആണ് കൊല്ലപ്പെട്ടത്. ബൊല്ലാറം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വില്ല ഓര്‍ക്കിഡ്‌സ് എന്ന വില്ല സമുച്ചയത്തില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് ഔറേലി മോസസ് ഫെര്‍ണാണ്ടസിനെ കാണാതായത്. വൈകുന്നേരം സ്വന്തം വില്ലയ്ക്ക് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ വില്ല സമുച്ചയത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനാണ് തട്ടിക്കൊണ്ട് പോയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇയാളുടെ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിക്രമിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. വിക്രമിനെ പിരിച്ചുവിടാന്‍ മുന്നില്‍ നിന്നവരില്‍ കുട്ടിയുടെ മുത്തശ്ശനും ഉള്‍പ്പെട്ടിരുന്നു. ഈ വ്യക്തിവൈരാഗ്യമാണ് ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പോലീസ് വിശദമാക്കുന്നത്. ശനിയാഴ്ച വൈകുന്നേരം വിക്രം 5 വയസുകാരിയുടെ വീട്ടുകാരെ വിളിച്ച് 20 ലക്ഷം രൂപ മോചനദ്രവ്യം ചോദിച്ചിരുന്നു.
പണം നല്‍കാമെന്ന് കുടുംബം സമ്മതിച്ചെങ്കിലും തുക കൈപ്പറ്റുന്നതിന് പകരം പ്രതി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയത്.ഈ അന്വേഷണത്തിനിടയിലാണ് ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ ക്ലബ്ബ് ഹൗസിന്റെ സെല്ലാറിലുള്ള ടാങ്കില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിക്രം കുട്ടിയെ പിന്തുടരുന്നത് വ്യക്തമായി കണ്ടിട്ടുണ്ട്. പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ കുട്ടിയെ വധിച്ച ശേഷം മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു.പ്രതിയെ പിടികൂടാനായി പോലീസ് 10 പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
.jpg)


